കോട്ടയം: ആഗ്രഹിക്കുന്ന യാത്രകൾക്ക് പണം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട് സ്വദേശികളായ യുവാക്കൾ. അശ്വിൻ പ്രസാദും മുഹമ്മദ് റംഷാദുമാണ് കയ്യിൽ ഒരു രൂപ പോലും ഇല്ലാതെ യാത്ര ആരംഭിച്ചത്. കന്യാകുമാരി വരെ നടന്നു കാഴ്ച്ചകൾ ആസ്വദിച്ചു നീങ്ങുകയാണ് ഇവരുടെ ലക്‌ഷ്യം.
യാത്രകൾ എന്നും ആവേശമായി കണ്ടിരുന്ന ഇവരുടെ യാത്ര മാർച്ച് 26 നു കാസർകോടുനിന്ന് ആരംഭിച്ചു ഇന്നലെ കോട്ടയത്ത് എത്തിച്ചേർന്നു. ഇരുവരുടെയും തോളിലെ ബാഗിൽ ഒരു ചെറിയ പേപ്പർ ഒട്ടിച്ചിട്ടുണ്ട്. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ, how to travel without money; from kasargod to kanyakumari. കന്യാകുമാരി വരെ ഇരുചക്ര വാഹനത്തിൽ യാത്ര പോയി വരാനായിരുന്നു ഈ സുഹൃത്തുക്കളുടെ ആദ്യ പ്ലാൻ. എന്നാൽ പണം തികയാതെ വന്നതോടെ യാത്ര എന്ന ലക്‌ഷ്യം ഉപേക്ഷിക്കാൻ ഇവർ തയ്യാറായില്ല. ഇതോടെ യാത്രകളെ ആവേശമായി കണ്ടിരുന്ന ഇവർ യാത്ര നടപ്പാക്കാൻ നടക്കാൻ തീരുമാനിക്കുകയായിരുന്നു.
പൈസയില്ലെങ്കിലും യാത്ര ഒരു തടസമല്ല എന്ന് തെളിയിക്കുകയും കൂടിയാണ് ഇവരുടെ ലക്‌ഷ്യം. കണ്ടവരും കേട്ടവരും പോലീസുകാരും ഉൾപ്പടെ ഒരു നിമിഷം അന്തംവിട്ടു ഇവരുടെ ഈ യാത്ര ചരിത്രം കേട്ടപ്പോൾ. ഒരു രൂപ പോലുമില്ലാതെ യാത്ര ചെയ്യുക എന്നത് കെട്ടവർക്കെല്ലാം വിശ്വസിക്കാനാകാത്തതായിരുന്നു. നടന്നു വരുന്ന വഴിക്കു കാര്യം തിരക്കുന്ന ആളുകളോട് പറയും, അപ്പോൾ ചിലർ ഭക്ഷണം വാങ്ങി നൽകുമെന്നും ചലപ്പോൾ പണം വാങ്ങാതെ ഹോട്ടലുകാരും ഭക്ഷണം നൽകിയിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു. രാത്രി പെട്രോൾ പമ്പിന് സമീപം ടെന്റ് കെട്ടിയാണ് ഉറക്കം.
ഇടയ്ക്കു കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ യാത്ര ഇടക്ക് മുടങ്ങി. ഈ സമയം എറണാകുളത്ത് അശ്വിന്റെ സഹോദരിയുടെ വീട്ടിലും കൂട്ടുകാരുടെ വീട്ടിലുമൊക്കെയായി 20 ദിവസം താമസിച്ചു. പിന്നീട് മെയ് 22 നു യാത്ര വീണ്ടും ആരംഭിച്ചു. ഒരു ദിവസം 25 കിലോമീറ്ററോളം നടക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു. ചുള്ളിക്കര ഡോൺബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥികളായിരുന്ന അശ്വിൻ പ്രസാദും മുഹമ്മദ് റംഷാദു കയ്യിൽ കരുതിയിരിക്കുന്നത് രണ്ട് ടീ ഷർട്ടും രണ്ട് ഷോർട്‌സും മാത്രമാണ്.
തിരികെ കന്യാകുമാരിയിൽ നിന്നും കോഴിക്കോടേക്ക് ലോറിയിലോ മറ്റു വാഹനങ്ങളിലോ ലിഫ്റ്റ് ചോദിച്ചു വരാനാണ് ഇവരുടെ പ്ലാൻ. വിവിധയിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ തിരക്കുകയും ഈ സമയത്തെ യാത്രയിൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും ഓർമ്മപ്പെടുത്തിയതായി ഇരുവരും പറഞ്ഞു.