മന്ത്രിപദത്തിലും പതിവ് തെറ്റിക്കാതെ മെഡിക്കൽ കോളേജിൽ ഉച്ചയൂണ് വിളമ്പി വി എൻ വാസവൻ.


കോട്ടയം: മന്ത്രിപദത്തിലും പതിവ് തെറ്റിക്കാതെ മെഡിക്കൽ കോളേജിൽ ഉച്ചയൂണ് വിളമ്പി വി എൻ വാസവൻ. പതിനഞ്ചാം കേരളാ നിയമസഭയിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നിന്നും അംഗമാകുകയും സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയുമായ വി എൻ വാസവൻ കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചയൂണ് വിളമ്പിയാണ് മന്ത്രി സ്ഥാനത്തിന്റെ സന്തോഷം പങ്കിട്ടത്.

വിഎൻ വാസവൻ ചെയർമാനായ അഭയം ചാരിറ്റബിൾ സൊസൈറ്റി കഴിഞ്ഞ ഒന്നര വർഷത്തോളമായി കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചയൂണ് നൽകുന്നുണ്ട്. ഏറ്റുമാനൂരിലെ തിളക്കമാർന്ന വിജയവും വി എൻ വാസവൻ ആഘോഷിച്ചത് ഇവിടെ തന്നെയാണ്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ജില്ലയിലെത്തിയ വി എൻ വാസവൻ പതിവ് തെറ്റിക്കാതെ മെഡിക്കൽ കോളേജിൽ എത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ദിവസേന 1500 അധികം പേർക്ക് അഭയം ചാരിറ്റബിൾ സൊസൈറ്റി ഉച്ചഭക്ഷണം നൽകുന്നുണ്ട്.

സിപിഐ(എം) ജില്ലാ സെക്രട്ടറി എ വി റസ്സൽ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ റ്റി കെ ജയകുമാർ, ആർഎംഒ ഡോ. ആർ പി രഞ്ജിൻ, ഡോ. ജയപ്രകാശ്, സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ എം എസ് സാനു, ഇ എസ് ബിജു, അഭയം ഏറ്റുമാനൂർ ഏരിയ ചെയർമാൻ കെ എൻ വേണുഗോപാൽ, അഭയം സെക്രട്ടറി ഏബ്രഹാം തോമസ്, എൽഡിഎഫ് നേതാക്കളായ ബിനു ബോസ്, രാജീവ് നെല്ലിക്കുന്നേൽ, മനോജ് ചെമ്മുണ്ടവള്ളി, അഭയം ഗവേണിംഗ് ബോഡി അംഗങ്ങൾ തുടങ്ങിയവർ  സന്നിഹിതരായിരുന്നു.