സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ തിളങ്ങി കോട്ടയം,പ്രധാന പദ്ധതികൾ ഇവയാണ്!


കോട്ടയം: ജൂൺ 11 മുതൽ സെപ്തംബർ 19 വരെ 100 ദിന കർമ്മ പരിപാടിക്ക് തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ  കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഗുണമേൻമയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയങ്ങൾക്കും പരിപാടികൾക്കുമാണ് കർമ്മപരിപാടിയിൽ പ്രാധാന്യം നൽകുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ പൊതുമരാമത്ത്-കാർഷിക-വിദ്യാഭ്യാസ-ആരോഗ്യ പദ്ധതികളിൽ ഇടം നേടി തിളങ്ങിയിരിക്കുകയാണ് നമ്മുടെ കോട്ടയവും. ഗാന്ധിനഗർ-മെഡിക്കൽ കോളേജ് റോഡ് നവീകരണത്തിനായി 121.11 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള പ്രധാന പാതയാണ് പരിഗണിച്ച് റോഡ് 4 വരിപ്പാതയായി നവീകരിക്കും. സ്വദേശീയർക്കും ഒപ്പം വിനോദ സഞ്ചാരികൾക്കും ഏറെപ്രയോജനപ്പെടുന്ന കുമരകം-നെടുമ്പാശ്ശേരി റോഡ് നവീകരണത്തിനായി 97.88 കോടി രൂപയുടെ പദ്ധതി.

വടയാർ-മുട്ടുചിറ റോഡ് 111.00 കോടി രൂപയുടെ പദ്ധതി. നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന പുനലൂർ-മൂവാറ്റുപുവ്വാഴ പാതയുടെ പ്ലാച്ചേരി-പൊൻകുന്നം റീച്ചിൽ 248.63 കോടി രൂപയുടെ പദ്ധതി. കുട്ടനാട് ബ്രാൻഡ് അരി  മില്ലിന്റെ പ്രവർത്തനം തുടങ്ങും. പൂഞ്ഞാർ മോഡൽ പോളി ടെക്നിക്, പയ്യപ്പാടി കോളേജ് എന്നിവിടങ്ങളിലെ വിവിധ ബ്ലോക്കുകൾ പൂർത്തീകരിച്ച് തുറക്കും. കുട്ടനാട്, അപ്പർ കുട്ടനാട് ആസ്ഥാനമാക്കി ഒരു സംഭരണ, സംസ്‌കരണ വിപണന സഹകരണ സംഘം രജിസ്റ്റർ ചെയ്ത് 2 ആധുനിക റൈസ് മില്ലുകൾ ആരംഭിക്കും.

ജില്ലയിലെ  എച്ച്.ഐ.വി/എയ്ഡ്സ് ബാധിതർക്കായി കെയർ സപ്പോർട്ട് സെന്റർ ആരംഭിക്കും. ഇത് നൂറു ദിവസത്തിനകം നടപ്പാക്കുന്ന പദ്ധതികളുടെ പൂർണ്ണമായ പട്ടികയല്ലെന്നും വിശദവിവരങ്ങൾ അതതു വകുപ്പുകൾ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറുദിന പരിപാടിയുടെ  നടപ്പാക്കൽ പുരോഗതി നൂറു ദിവസങ്ങൾ പൂർത്തിയാകുമ്പോൾ പ്രത്യേകം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.