ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ അപകട ശേഷം നിർത്താതെ പോയത് സർക്കാർ വാഹനം. ഏറ്റുമാനൂർ പട്ടിത്താനം ചുമട്താങ്ങിയിൽ ഓട്ടോറിക്ഷ ഡ്രൈവറും പട്ടിത്താനം സ്വദേശിയുവുമായ കൊടികുത്തിയേൽ കെ.ആർ.രാജീവാണ് (ലിജോ - 35) ആണ് ഏറ്റുമാനൂർ വില്ലേജ് ഓഫീസിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചത്.
കഴിഞ്ഞ 17 നാണു രാത്രി 9 മണിയോടെയാണ് ലിജോയെ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഏറ്റുമാനൂർ വില്ലേജോഫീസിനു സമീപം അജ്ഞാത വാഹനമിടിച്ച് വീഴ്ത്തിയത്. കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാഹനമാണ് അപകട ശേഷം നിർത്താതെ പോയത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ ഡ്രൈവർ ആർപ്പൂക്കര പനമ്പാലം അങ്ങാടി വെച്ചൂത്തറ വീട്ടിൽ നിഖിൽ (29) വാഹനവുമായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. അപകടത്തിൽ ലിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടശേഷം ലിജോയെ ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. അപകട ശേഷം വാഹനം നിർത്താതെ പോയതിനും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാഞ്ഞതിനും വിവരം പോലീസിൽ അറിയിക്കാഞ്ഞതിനും മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിഖിലിനെ ജാമ്യത്തിൽ വിട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് രാജീവ് മരിച്ചത്.
അപകട സ്ഥലത്ത് നിന്നും വാഹനത്തിന്റെ സൈഡ് മിറർ ലഭിച്ചിരുന്നു. സൈഡ് മിറർ വാങ്ങാനെത്തുന്നവരെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം മുറുകുന്നതിനിടെയാണ് നിഖിൽ വാഹനവുമായി കീഴടങ്ങിയത്.
ഏറ്റുമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപകട ശേഷം നിർത്താതെ പോയത് സർക്കാർ വാഹനം.