അരിമണികളിൽ വരച്ചു തീർത്ത കുടുംബചിത്ര വിസ്മയം, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ചങ്ങനാശ്ശേരി സ്വദേശി.


ചങ്ങനാശ്ശേരി: അരിമണികളിൽ ഒരു കുടുംബ ചിത്ര വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ചങ്ങനാശ്ശേരി സ്വദേശി. ചങ്ങനാശ്ശേരി ഇത്തിത്താനം ചിറവംമുട്ടം രഞ്ജിത്ത് ഭവനിൽ ശ്രീരാജ്  ആണ് വിസ്മയ കുടുംബചിത്രം വരച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ പേരെഴുതി ചേർത്തിരിക്കുന്നത്. അരിമണികൾ ഉപയോഗിച്ച് പൃഥ്‌വിരാജ് സുകുമാരന്റെയും കുടുംബാംഗങ്ങളുടെയും ചിത്രമാണ് ശ്രീരാജ് വരച്ചത്. 5 ദിവസങ്ങളിലെ 6 മണിക്കൂറുകൾ കൊണ്ടു ആകെ  30 മണിക്കൂറുകൾ കൊണ്ടാണ് അരിമണികളിൽ ശ്രീരാജ് ചിത്രം വരച്ചു തീർത്തത്. ഈ കുടുംബചിത്രത്തിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ശ്രീരാജ് ഇടം നേടിയത്. ശ്രീരാജിന്റെ ചിത്രം പൃഥ്‌വിരാജ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. വെയിലത്തു വെച്ച അരിയിൽ തോന്നിയ ആശയമാണ് ചിത്രത്തിന് പിന്നിലെന്ന് ശ്രീരാജ് പറഞ്ഞു. 5 ദിവസം കൊണ്ട് തീർത്ത ചിത്രത്തിൽ ഉറുമ്പുകളായിരുന്നു വില്ലൻ, ഒരു ദിവസത്തെ വർക്കിന്‌ ശേഷം പിറ്റേന്ന് നോക്കുമ്പോൾ കുറെയൊക്കെ അരിമണികൾ ഉറുമ്പുകൾ സ്ഥാനം മാറ്റിയിരുന്നതായി ശ്രീരാജ് പറഞ്ഞു. ജയസൂര്യയുടെ വിവിധ വേഷങ്ങളും ക്ലസ്സ്മേറ്റ്സ് ചിത്രത്തിലെ ഒരു രംഗവും തുടങ്ങി നിരവധി ചിത്രങ്ങൾ ശ്രീരാജ് വരച്ചിട്ടുണ്ട്.