തിരുവല്ലയിൽ വാഹനാപകടം: കോട്ടയം സ്വദേശികളായ മുത്തശ്ശിയും ചെറുമകനും മരിച്ചു, 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.


കോട്ടയം: തിരുവല്ലയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശികളായ മുത്തശ്ശിയും ചെറുമകനും മരിച്ചു. തിരുവല്ല ടി കെ റോഡിലെ മീന്തലക്കരയിൽ ഇന്നലെ രാത്രി 11:30 ആയിരുന്നു അപകടം. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പിൽ പൊന്നമ്മ( 55 ) കൊച്ചുമകൻ കൃതാർത്ഥ്(7) എന്നിവരാണ് മരിച്ചത്.

കാറും ഓട്ടോ ടാക്‌സിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. കൃതാർത്ഥിന്റെ അമ്മ ശ്രീക്കുട്ടിയുടെ നില ഗുരുതരമാണ്. കൃതാർത്ഥിന്റെ അമ്മ ശ്രീക്കുട്ടിയുടെ സഹോദരി ശ്രുതിക്കും മകനും അപകടത്തിൽ പരിക്കുണ്ട്‌. അപകടത്തിൽ പരിക്കേറ്റവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കൃതാർത്ഥ് ഇന്നലെ രാത്രിയും പൊന്നമ്മ ഇന്ന് രാവിലെയുമാണ് മരിച്ചത്. വിദേശത്തേക്ക് പോകാനിരുന്ന മകളെ കണ്ടതിനു ശേഷം തിരികെ കോട്ടയത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. 7 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.