തൃക്കൊടിത്താനം: ചങ്ങനാശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇരുചക്ര വാഹനയാത്രികൻ തൃക്കൊടിത്താനം ആരമലക്കുന്ന് കൊച്ചുപുരയ്ക്കൽ ജിതേഷാണു (48) മരിച്ചത്.
മുക്കാട്ടുപടി-ആരമല റോഡിൽ ആഞ്ഞിലിവേലി കുളത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. 25-ാം വിവാഹ വാർഷിക ദിനത്തിൽ ആണ് ജിതേഷിനെ വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നെടുത്തത്. ഇന്നലെയായിരുന്നു ജിതേഷിന്റെയും ഭാര്യ സുനിയുടെയും 25-ാം വിവാഹ വാർഷികം. നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണു പോലീസ് നിഗമനം. ബൈക്കിൽ ഇടിച്ച ശേഷം സമീപത്തെ ട്രാൻസ്ഫോമറിൽ ഇടിച്ചാണു കാർ നിന്നത് നിന്നത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജിതേഷിനെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സി പി ഐ എം ആരമല ബ്രാഞ്ച് അംഗമായിരുന്ന ഇദ്ദേഹം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി 16-ാം വാർഡിൽ നിന്നും മത്സരിച്ചിരുന്നു.