കോട്ടയം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനി ഉൾപ്പടെ 2 നേഴ്‌സുമാർ മരിച്ചു. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയൻ(31) കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ്(28)എന്നിവരാണ് മരിച്ചത്.
സൗദി അറേബ്യയിലെ നജ്റാനിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർക്കൊപ്പം ഉണ്ടായിരുന്ന 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അമിത വേഗതയിലെത്തിയ മറ്റൊരു വാഹനമിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരങ്ങൾ. വാഹനത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന സ്നേഹ,റിൻസി, ഡ്രൈവർ അജിത്ത് എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ സ്നേഹ, റിൻസി എന്നിവർ നജ്‌റാൻ ജനറൽ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാനിലെ താർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.