കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കാറും ജീപ്പും കൂട്ടിയിടിച്ച് 4 പേർക്ക് ഗുരുതര പരിക്ക്. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിന് സമീപമുള്ള വളവിൽ ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തു നിന്നും വന്ന കാറും കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും എത്തിയ ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞിരപ്പള്ളിയിൽ പത്രം വിതരണം ചെയ്ത ശേഷം മടങ്ങിയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കാർ യാത്രക്കാരായ 3 പേർക്കും ജീപ്പ് ഡ്രൈവർക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പാറത്തോട് സ്വദേശികളായ അബ്‌ദുൽഹക്കീം, അബൂബക്കർ, നിയാസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. അതിരമ്പുഴ സ്വദേശിയായ ബേബിയാണ് ജീപ്പ് ഓടിച്ചിരുന്നത്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.