കോപ്പിയടി ആരോപണത്തെ തുടർന്ന് പാലായിൽ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന് മാതാപിതാക്കൾ.


കാഞ്ഞിരപ്പള്ളി: കോപ്പിയടി ആരോപണത്തെ തുടർന്ന് പാലായിൽ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന് മാതാപിതാക്കൾ. കാഞ്ഞിരപ്പള്ളി സെന്റ്.ആന്റണീസ് പ്രൈവറ്റ് കോളേജിലെ ബികോം വിദ്യാർഥിനിയായിരുന്ന അഞ്ജു പി ഷാജി(20)യാണ് ആത്മഹത്യ ചെയ്തത്.

ചേർപ്പുങ്കല്‍ ബിവിഎം കോളേജ് ആയിരുന്നു അഞ്ജുവിനു പരീക്ഷാ കേന്ദ്രമായി ലഭിച്ചിരുന്നത്. പരീക്ഷയ്ക്ക്  കോപ്പിയടിച്ചു എന്ന് ആരോപിച്ചു അധ്യാപകർ അഞ്ജുവിനെ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂൺ 6 നായിരുന്നു സംഭവം. സംഭവത്തിൽ ദുഖിതയായ അഞ്ജു മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി പാറത്തോട് പൊടിമറ്റം പൂവത്തേട്ട് ഷാജി-സജിത ദമ്പതികളുടെ മകളാണ് അഞ്ജു. അഞ്ജു ഹാൾ ടിക്കറ്റിൽ പഠന ഭാഗങ്ങൾ എഴുതി കൊണ്ട് വന്നിരുന്നു എന്നാണ് കോളേജിന്റെ വാദം. എന്നാൽ ഹാൾ ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേത് തന്നെയാണെന്ന് തെളിയിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

കേസ് പോലീസ് അട്ടിമറിക്കുകയാണെന്നും നീതി ലഭിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. കോളേജിന് വീഴ്ച്ച സംഭവിച്ചതായി എം ജി യൂണിവേഴ്സിറ്റി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കോപ്പിയടിച്ചതായി സംശയമുണ്ടായാൽ കുട്ടിയെ ഓഫീസിലേക്ക് കൊണ്ടുപോകണം എന്നതപ്പെടെയുള്ള യാതൊരു ചട്ടങ്ങളും കോളേജ് പാലിച്ചിട്ടില്ല. കോട്ടയം ജില്ലാ പൊലീസ് മേധവി ചുമതലപ്പെടുത്തിയ അന്വേഷണ സംഘം അന്വേഷണം നടത്തിയെങ്കിലും കോപ്പിയടി ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കിയ വിഷമത്തിൽ മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ മൃതദേഹം രണ്ടാം ദിവസമാണ് കണ്ടെത്തിയത്.

പരീക്ഷാ സമയം കഴിഞ്ഞും വീട്ടിലെത്താഞ്ഞതിനെ തുടർന്നാണ് അന്വേഷം ആരംഭിച്ചത്. അഞ്‌ജുവിന്റെ ബാഗും കുടയും ചേർപ്പുങ്കൽ പാലത്തിൽ കണ്ടതിനെത്തുടർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. നന്നായി പഠിക്കുന്ന തന്റെ മകൾ കോപ്പിയടിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ ഷാജി പറഞ്ഞു.