അതിരമ്പുഴയിൽ അമിത വേഗതയിലെത്തിയ കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു, 4 പേർ ഓടി രക്ഷപ്പെട്ടു, ഒരാൾ കാറിൽ കുടുങ്ങി, കണ്ടെത്തിയത് കഞ്ചാവ്.


അതിരമ്പുഴ: ഏറ്റുമാനൂർ–നീണ്ടൂർ റോഡിൽ കോട്ടമുറി ജംക്‌ഷനു സമീപമാണ് അമിത വേഗതയിലെത്തിയ കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അമിത വേഗതയിലെത്തി പോസ്റ്റ് ഇടിച്ചു തകർത്തത്. അപകട ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്ന 5 പേരിൽ 4 പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ നാട്ടുകാർ കാറിനുള്ളിൽ ഒരാൾ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.

കാറിൽ കുടുങ്ങിയ യുവാവിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.