കോട്ടയം: വെച്ചൂര്‍ പഞ്ചായത്തില്‍ പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്തു. അഞ്ച് കര്‍ഷകര്‍ക്ക് 3142500 രൂപയാണ് നല്‍കിയത്. പനിബാധിച്ച് ചത്തവയും രോഗപ്രതിരോധ നടപടികളുടെ ഭാഗമായി നശിപ്പിച്ചവയും ഉള്‍പ്പെടെ 18075 താറാവുകള്‍ക്കുള്ള നഷ്ടപരിഹാരമാണിത്.
പനി ബാധിച്ച് ചത്ത 9295താറാവുകള്‍ക്ക് 200 രൂപ വീതം 18.59ലക്ഷം രൂപയും നശിപ്പിച്ച 8780 താറാവുകള്‍ക്ക് 1283500 രൂപയുമാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. ഇതിനു പുറമെ നശിപ്പിച്ച ഒന്‍പതു കോഴികള്‍ക്ക് 1800 രൂപയും കര്‍ഷകര്‍ക്ക് നല്‍കി. രണ്ടു മാസത്തില്‍ കൂടുതല്‍ പ്രായമുള്ള പക്ഷികള്‍ക്ക് 200 രൂപയും അതില്‍ താഴെ പ്രായമുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും എന്ന നിരക്കിലാണ് തുക അനുവദിച്ചത്.
തലയോലപ്പറമ്പ് ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിംഗ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ഒ.സി. തങ്കച്ചന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എന്‍. ജയദേവന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ആര്‍. മിനി, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. ഷിജോ ജോസ്, ഡോ. നിമി ജോര്‍ജ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. അബ്ദുല്‍ ഫിറോസ് എന്നിവര്‍ പങ്കെടുത്തു.