ഈരാറ്റുപേട്ട: ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച പുതിയ ബജറ്റിൽ പൂഞ്ഞാറിനായി പുതിയ പദ്ധതികൾ ഇല്ല എന്ന് മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. കഴിഞ്ഞ ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഉൾപ്പെടുത്തിയ പൂഞ്ഞാർ ടൂറിസം സർക്യൂട്ട് ഉൾപ്പടെയുള്ള പദ്ധതികൾ ആവർത്തിക്കുകയല്ലാതെ മറ്റൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾക്ക് എല്ലാം ഭരണാനുമതിയില്ലാത്ത ടോക്കൺ പ്രൊവിഷൻ തുകയുമാണ് അനുവദിച്ചിരിക്കുന്നത്. ബഡ്ജറ്റിൽ പുതുതായി പ്രഖ്യാപിച്ചു എന്ന് പറയുന്ന മുണ്ടക്കയം- കൂട്ടിക്കൽ - ഏന്തയാർ റോഡ് നിർമ്മാണം അവസാനഘട്ടത്തിലാണ് എന്നും പി സി ജോർജ് പറഞ്ഞു. പൂഞ്ഞാർ- കൈപ്പള്ളി റോഡിന്റെ നവീകരണ പ്രവർത്തികളുടെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതോടൊപ്പം തന്നെ മുണ്ടക്കയം-കോരുത്തോട് റോഡ്(10 കോടി), ചോലത്തടം- കൂട്ടിക്കൽ റോഡ് (8 കോടി),പാലാ- ഈരാറ്റുപേട്ട റോഡ് (4 കോടി) എന്നീ റോഡ് നിർമാണ പ്രവൃത്തികളുടെ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയായി നിർമാണം ആരംഭിക്കാവുന്ന ഘട്ടത്തിലുമാണ്.
തീക്കോയി ടെക്നിക്കൽ സ്കൂളിലെ പുതിയ കെട്ടിട നിർമ്മാണം (7.40 കോടി), അരുവിത്തുറ-അമ്പാറനിരപ്പേൽ - വട്ടോളി കടവ് - ഭരണങ്ങാനം റോഡ് (6 കോടി ) എന്നീ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചുടെൻഡർ നടപടികൾ പുരോഗമിക്കുന്നതാന്. കൂടാതെ നിരവധി പൊതുമരാമത്ത് - പ്രാദേശിക റോഡുകളുടെ നവീകരണത്തിനും തുക അനുവദിച്ചു ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം എന്നും പി സി ജോർജ് ആവശ്യപ്പെട്ടു.