ചെങ്ങളം: കോട്ടയം ചെങ്ങളം മൂന്നുമൂലയിലാണ് വിസ്മയ കാഴ്ച്ചകൾ സമ്മാനിച്ചു കുളവാഴ പൂത്തുലഞ്ഞു നിൽക്കുന്നത്. കോട്ടയത്തിന്റെ ആമ്പൽ വസന്തത്തിനും ചങ്ങനാശ്ശേരിയിലെ പോള വസന്തത്തിനുമൊപ്പം ദൃശ്യ വിസ്മയ കാഴ്ച്ചകളിൽ ഇടം നേടുകയാണ് ചെങ്ങളത്തെ കുളവാഴപ്പൂക്കൾ.
ലോക്ക് ഡൗൺ അവസാനിക്കുന്നതോടെ മറ്റൊരു ഫോട്ടോഷൂട്ട് ടെസ്റ്റിനേഷനായി മൂന്നുമൂലയും കുളവാഴപ്പൂക്കളും മാറിയേക്കും. ചിത്രങ്ങൾ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. എയ്ക്കോർണിയ ക്രാസ്സിപെസ് എന്നാണു കുളവാഴയുടെ ശാസ്ത്രീയനാമം. കാക്കപ്പോള, കരിംകൂള, പായൽപ്പൂ എന്നിങ്ങനേയും കുളവാഴയ്ക്ക് പേരുകളുണ്ട്. വളരെ വേഗത്തിൽ വ്യാപിക്കുന്ന ഈ സസ്യം കർഷകർക്ക് ദോഷകരമാണ്.
വിപണിയില്‍ വന്‍ സാധ്യതകളുള്ള നിരവധി മൂല്യ വര്‍ധിത ഉത്പ്പനങ്ങള്‍ കുളവാഴയില്‍ നിന്നും ലഭിക്കുമെന്ന് ആലപ്പുഴ എസ്.ഡി കോളേജിലെ അധ്യാപകരും ഒരുകൂട്ടം വിദ്യാര്‍ത്ഥികളും കണ്ടെത്തിയിരുന്നു. ആമ്പൽ വിസ്മയത്തിലും പോളപ്പൂക്കൾ വിസ്മയത്തിലും കാഴ്ചകളിൽ വിസ്മയം തീർക്കുന്ന കോട്ടയത്ത് ഇപ്പോൾ താരമായി മാറിയിരിക്കുകയാണ് ചെങ്ങളത്തെ കുളവാഴപ്പൂക്കൾ.