ചേർപ്പുങ്കൽ പാലം നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് തോമസ് ചാഴികാടൻ എം പി നിവേദനം സമർപ്പിച്ചു.


തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന ചേർപ്പുങ്കൽ പാലം നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് തോമസ് ചാഴികാടൻ എം പി നിവേദനം സമർപ്പിച്ചു. രണ്ട് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച ചേർപ്പുങ്കൽ പാലത്തിൻ്റെ നിർമ്മാണ തടസങ്ങൾ നീക്കി എത്രയും വേഗം പുനരാരംഭിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ നേരിൽ കണ്ട് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.

കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഈ വിഷയം സംബന്ധിച്ച് മന്ത്രിയുമായി സംസാരിച്ചിരുന്നു. ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, പ്രമോദ് നാരായണൻ എംഎൽഎ, സ്റ്റീഫൻ ജോർജ്ജ് എക്സ്എംഎൽഎ എന്നിവർക്ക് ഒപ്പമെത്തിയാണ് തോമസ് ചാഴികാടൻ നിവേദനം സമർപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെ കാലമായി വിവിധ കാരണങ്ങൾ കൊണ്ട് പാലത്തിൻ്റെ നിർമ്മാണം സ്തംഭനാവസ്ഥയിലായിരുന്നു എന്നും കാരണങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും എം പി പറഞ്ഞു. 

ഒറിജിനൽ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ പാലത്തിൻറെ സൂപ്പർ സ്ട്രക്ചറിനുള്ള ബീമിൻ്റയും സ്ലാബിൻ്റെയും (ടെൻ്റർ ഷെഡിയൂളിൽ പറഞ്ഞരുന്ന ക്വാണ്ടിറ്റിയോക്കാൾ) മെറ്റീരിയൽസിൻ്റെ അളവ്, വിശദമായ ഡ്രേയിങ്ങ് അനുസരിച്ചുള്ള അളവിനേക്കാളും കുറവാണ് എന്ന കാരണത്താൽ കോൺട്രാക്ടർക്ക് പണി തുടരാൻ കഴിഞ്ഞില്ല. ഒറിജിനൽ എസ്റ്റിമേറ്റിൽ വിട്ടുപോയ ക്വാണ്ടിറ്റി ഉൾപ്പെടെയുള്ള റിവൈസ് എസ്റ്റിമേറ്റ്, അനുവാദത്തിനായി ചീഫ് എഞ്ചിനിയറുടെ ഓഫീസിൽ നിന്നും ഗവൺമെൻ്റിലേക്ക് സമർപ്പിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

റിവൈസ് എസ്റ്റിമേറ്റിലുള്ള തുക കരാറുകാരൻ്റെ എഗ്രിമെൻറ് തുകക്ക് ഉള്ളിൽ തന്നെയാണ്. സർക്കാരിന് പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതുമൂലം  അധിക സാമ്പത്തിക ബാധ്യത ഉണ്ടാവുന്നില്ല. വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പാലത്തിൻ്റെ നിർമ്മാണം പുനരാരംഭിച്ച് പൂർത്തിയാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട് എന്നും തോമസ് ചാഴികാടൻ എം പി പറഞ്ഞു.