കോട്ടയത്തിനു ആശ്വാസദിനങ്ങൾ, 1000 ൽ താഴ്ന്നു ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം.


കോട്ടയം: കോവിഡ് രോഗവ്യാപനത്തിൽ ആശങ്കയിലായിരുന്നു കോട്ടയത്തിനു കഴിഞ്ഞ മൂന്നു ദിവസങ്ങളായി ആശ്വാസത്തിന്റെ ദിനങ്ങളാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 ൽ താഴെ എത്തി. മെയ് 30,31,ജൂൺ 1 തീയതികളിൽ രോഗബാധിതരുടെ എണ്ണം 1000 ൽ താഴെ എത്തിയിരുന്നു.

20 ശതമാനത്തിനും മുകളിൽ ആശങ്കാവഹമായി നിലനിന്നിരുന്ന ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഇപ്പോൾ 15 ശതമാനത്തിൽ താഴെ എത്തി. പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെട്ടാൽ ചുരുങ്ങിയ ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം തീരെ കുറയ്ക്കാനാകുമെന്നു ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ജില്ലയിലെ രോഗമുക്തി നിരക്ക് ഉയരുന്നതും ആശ്വാസകരമാണ്.

കോവിഡ് രോഗ വ്യാപന തോത് കുറഞ്ഞ കോട്ടയം ജില്ലയിലെ 59 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 185 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. പ്രതിരോധ പ്രവർത്തനങ്ങളുടെയും മുന്കരുതലുകളുടെയും ഭാഗമായി കോട്ടയം ജില്ലയിൽ നിലവിൽ 54 തദ്ദേശ സ്ഥാപന മേഖലകളിലായി 177 വാര്‍ഡുകളിലാണ് അധിക നിയന്ത്രണമുള്ളത്.