ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകളിലെ ടി പി ആർ അവലോകന യോഗം നാളെ, നിയന്ത്രണങ്ങളും ഇളവുകളും നൽകിയിരിക്കുന്ന മേഖലകൾ പുനർനിർണ്ണയിക്കും.


കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു നടപ്പിലാക്കുന്ന നിയന്ത്രണങ്ങളും ഇളവുകളും പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നാളെ ടി പി ആർ അവലോകന യോഗം ചേരും. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകളിലെ കഴിഞ്ഞ ഒരാഴ്ച്ചത്തെ ടി പി ആർ അവലോകനം ചെയ്യും.

ടി പി ആർ നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു നൽകിയിരിക്കുന്ന നിയന്ത്രണങ്ങളും ഇളവുകളും പുനക്രമീകരിക്കും. 4 മേഖലകളായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്. എല്ലാ ബുധനാഴ്ച്ചയുമാണ് ടി പി ആർ അവലോകനം ചെയ്യുന്നത്. ആരോഗ്യ വകുപ്പിന്റെ ജൂൺ 26 വരെയുള്ള കണക്കുകൾ പ്രകാരം കോട്ടയം ജില്ലയിൽ ജൂണ്‍ 20 മുതല്‍ 26 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി 7.80 ശതമാനമാണ്. 30 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഈ കാലയളവിലെ ശരാശരി പോസിറ്റിവിറ്റി നിരക്ക് എട്ടിനു മുകളിലാണ്.

ഇതില്‍തന്നെ പോസിറ്റിവിറ്റി 24ന് മുകളിലുള്ള ഡി കാറ്റഗറിയില്‍ ഒന്നും 16 മുതല്‍ 24 വരെയുള്ള സി കാറ്റഗറിയില്‍ നാലും എട്ടിനും പതിനാറിനും ഇടയിലുള്ള ബി കാറ്റഗറിയില്‍ 25ഉം തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഒരാഴ്ച്ചത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് നാളെ പ്രഖ്യാപിക്കുന്നത്. ജൂലൈ 7 നു നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റം വിലയിരുത്തി കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാകും നാളെ ജില്ലാ കളക്ടർ മേഖലകൾ തിരിച്ചു നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുക.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടിനും 16 നുമിടയിൽ ടി പി ആർ ഉള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലും 16നും 24നുമിടയിലുള്ള പ്രദേശങ്ങളെ സി വിഭാഗത്തിലും 24 ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലും ഉൾപ്പെടുത്തും.