സംസ്ഥാനത്ത് ലോക്ക് ഡൗൺ നാളെ അവസാനിക്കും, രോഗവ്യാപന തോത് കുറഞ്ഞ മേഖലകളിൽ കൂടുതൽ ഇളവുകൾ, തീരുമാനം ഇന്ന്.


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ നാളെ അവസാനിക്കും. നിലവിൽ സംസ്ഥാനത്ത് ജൂൺ 16 വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്.

സംസ്ഥാന വ്യാപകമായി 16 നു ശേഷം ലോക്ക് ഡൗൺ ഉണ്ടാകില്ല. പകരം രോഗവ്യാപന തോത് കൂടുതലുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കും. രോഗവ്യാപന തോത് കുറഞ്ഞ മേഖലകളിൽ കൂടുതൽ ഇളവ് ലഭിച്ചേക്കും. ഇളവുകളും നിയന്ത്രണങ്ങളും എങ്ങനെയെന്ന് തീരുമാനിക്കുന്നതിന് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും. ഓട്ടോ ടാക്സി സർവീസുകൾക്ക് അനുമതി നൽകിയേക്കും.

കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്താൻ സാധ്യതയുണ്ട്. വസ്ത്ര വ്യാപാര കേന്ദ്രങ്ങൾക്കും ചെരുപ്പ് കടകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചേക്കും. അതേസമയം ബാറുകൾ, തിയേറ്ററുകൾ,ജിം തുടങ്ങിയവയ്ക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചേക്കില്ല. കോവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ടായിരിക്കും തുടർന്നുള്ള പ്രവർത്തനങ്ങൾ.