കാഞ്ഞിരപ്പള്ളി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ചു പ്രമുഖ ഇലക്ട്രോണിക്സ്, ഗാഡ്ജെറ്റ്സ് വിൽപ്പന സ്ഥാപനമായ കാഞ്ഞിരപ്പള്ളിയിലെ മൈജി യുടെ ഷോറൂം ഗ്രാമ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് അടപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
കണ്ടെയിന്മെന്റ് സോണായ വാർഡിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്കു മാത്രമാണ് തുറക്കാൻ അനുമതിയുള്ളത് എന്ന് പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ വകുപ്പ് അധികൃതരും പറഞ്ഞു.സ്ഥാപനം പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വാർഡ് 8 കോവിഡ് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളതും ഈ മേഖലയിൽ യാതൊരു ഇളവുകളും ബാധകമല്ല എന്നും പോലീസ് പറഞ്ഞു. കണ്ടെയിന്മെന്റ് സോണുകളിൽ അധിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ലോക്ക് ഡൗൺ ഇളവുകൾ ലഭ്യമാകില്ല.
എന്നാൽ സംസ്ഥാന സർക്കാരിന്റെ ലോക്ക് ഡൗൺ ഇളവുകൾ ചൂണ്ടിക്കാട്ടിയാണ് കാഞ്ഞിരപ്പള്ളി മൈജി ഷോറൂം പ്രവർത്തിച്ചത്. എന്നാൽ ഇളവുകൾ കണ്ടെയിന്മെന്റ് സോണുകളിൽ ബാധകമല്ലെന്ന് പോലീസ് വ്യക്തമാക്കുകയും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും പോലീസിൻറ്‍റെയും നേതൃത്വത്തിൽ ഷോറൂം അടപ്പിക്കുകയുമായിരുന്നു. കണ്ടെയിന്മെന്റ് സോണിൽ തുറന്നു പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.