കോട്ടയം: ജില്ലയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ എം അഞ്ജന പറഞ്ഞു. അവശ്യ വസ്തു വില്‍പന കടകളും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന കടകളും മാത്രമേ ജില്ലയില്‍ തുറക്കുന്നുള്ളു എന്ന് വ്യാപാരി വ്യവസായി ഭാരവാഹികൾ ഉറപ്പു വരുത്തണം.
നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സെക്ടറൽ മജിസ്‌ട്രേറ്റുമാരെയും പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളില്‍ ജനാലകള്‍ തുറന്നിടണം. എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. എല്ലാ കടകളിലും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തറയില്‍ പ്രത്യേകം അടയാളപ്പെടുത്തലുകള്‍ ഉണ്ടാകണം. കടകള്‍ക്ക് മുന്‍പില്‍ സാനിറ്റൈസര്‍ സ്ഥാപിക്കണം. കടകള്‍ക്കുള്ളില്‍ ആളുകളെ നിയന്ത്രിക്കണം.
ചെറിയ കടകളില്‍ ആളുകളുടെ പ്രവേശനം നിയന്ത്രിക്കണം. കഴിയുന്നത്ര കടകളിലും റിബണ്‍ കെട്ടി സാധനങ്ങള്‍ വെളിയില്‍ എത്തിച്ചു നല്‍കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലും രോഗവ്യാപനം കൂടുതലുള്ള പഞ്ചായത്തുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഈ മേഖലകളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെ മറ്റൊരു സ്ഥാപനവും തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല എന്നും ജില്ലാ കളക്ടർ പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള കടകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
കടകളില്‍ റിബണ്‍ കെട്ടി സാധനങ്ങള്‍ പുറത്തെത്തിച്ച് നല്‍കുന്ന സംവിധാനത്തെ പരമാവധി പ്രോത്സാഹിപ്പിക്കണം. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകള്‍ ഉണ്ടാകാതിരിക്കാന്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജീവനക്കാരില്‍ ആരെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഉടന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.