കോട്ടയത്തിനു ആശ്വാസത്തിന്റെ നാളുകൾ, പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു.


കോട്ടയം: കഴിഞ്ഞ ദിവസങ്ങളായി കോട്ടയത്തിനു ആശ്വാസം പകരുന്നതാണ് ജില്ലയിലെ കോവിഡ് കണക്കുകൾ. ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും മറ്റു വകുപ്പുകളുടെയും പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയാൻ കാരണമായത്.

ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് ജില്ലയെ ആശങ്കയിൽ നിന്നും മുക്തമാക്കിയിട്ടുണ്ട്. 20 മുകളിൽ ആശങ്കാവഹമായി നിന്നിരുന്ന ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 12.46 ശതമാനത്തിലെത്തി. ജൂണ ഒന്നിന് 891 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. അന്ന് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.21 ശതമാനമായിരുന്നു.

തുടർന്ന് രണ്ടാം തീയതി 846 പേർക്കും മൂന്നാം തീയതി 707 പേർക്കും ഇന്നലെ 636 പേർക്കുമാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.46 ശതമാനത്തിലെത്തി. ജില്ലയിൽ രോഗമുക്തി നിരക്ക് ഉയർന്നു നിൽക്കുന്നതും ആശ്വാസകരമാണ്.

ജില്ലയിൽ കോവിഡ് രോഗബാധിതരായവരിൽ 7026 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ കോട്ടയം ജില്ലയിൽ ആകെ 183461  പേര്‍ കോവിഡ് ബാധിതരായി. 175313 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 38358 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.