കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ രോഗവ്യാപന തോത് ഇന്ന് അവലോകനം ചെയ്യും, നിയന്ത്രണങ്ങളും ഇളവുകളും ഏതൊക്കെ മേഖലകളിലെന്നു പ്രഖ്യാപിക്കും.


കോട്ടയം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇന്ന് രാത്രി അവസാനിക്കാനിരിക്കെ തുടർ നിയന്ത്രണങ്ങൾ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ ജില്ലയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ഇന്ന് യോഗം ചേരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തിൽ 4 മേഖലകളായി തദ്ദേശ സ്ഥാപനങ്ങളെ തരാം തിരിച്ചായിരിക്കും നിയന്ത്രണങ്ങളും ഇളവുകളും അനുവദിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ രോഗവ്യാപന തോത് ഇന്ന് ചേരുന്ന യോഗം വിലയിരുത്തും. എല്ലാ ബുധനാഴ്ചയും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങൾ പരസ്യപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളും ഇളവുകളിലും മാറ്റം വരും.

കോവിഡ് വ്യാപനത്തോത് അനുസരിച്ചു ആരോഗ്യവകുപ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പരിശോധനയ്ക്ക് ടാർജറ്റ് നൽകും. ലോക്ക്ഡൗൺ ലഘൂകരിക്കുമ്പോൾ കടകമ്പോളങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കാൻ ജനങ്ങളും കടയുടമകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ടി പി ആർ 8 ശതമാനത്തിൽ താഴെ, 8 നും 20 ശതമാനത്തിനുമിടയിൽ, 20 നും 30 ശതമാനത്തിനുമിടയിൽ, 30 ശതമാനത്തിനു മുകളിൽ എന്നിങ്ങനെ 4 മേഖലകളായി തിരിച്ചാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. ടി പി ആർ 30 ശതമാനത്തിനു മുകളിലുള്ള മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

എന്നാൽ കോട്ടയം ജില്ലയിൽ രോഗ വ്യാപന തോത് വിശകലനം ചെയ്യുമ്പോൾ ജൂൺ 14 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ടി പി ആർ 30 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപനനഗൽ ജില്ലയിലില്ല. ഇക്കാരണത്താൽ ജില്ലയിലെ ഒരു മേഖലയിലും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യതയില്ല. എന്നാൽ ഇന്നലെ വരെയുള്ള കണക്കുകളുടെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഇന്ന് ചേരുന്ന യോഗം നിയന്ത്രണങ്ങളുടെയും ഇളവുകളുടെയും കാര്യത്തിൽ മേഖലകൾ തിരിച്ചു തീരുമാനമെടുക്കുക.

ജില്ലയിൽ ടി പി ആർ 20 നും 30 ശതമാനത്തിനുമിടയിൽ 5 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 10 നും 20 നുമിടയിൽ 37 തദ്ദേശ സ്ഥാപനങ്ങളും 5 നും 10 നുമിടയിൽ 26 തദ്ദേശ സ്ഥാപനങ്ങളും ടി പി ആരാ 5 ശതമാനത്തിൽ താഴെ 9 തദ്ദേശ സ്ഥാപനങ്ങളുമാണ് നിലവിലെ കണക്കുകൾ പ്രകാരമുള്ളത്. ജില്ലയിൽ ടി പി ആർ 20 നും 30 ശതമാനത്തിനുമിടയിലുള്ള 5 തദ്ദേശ സ്ഥാപനങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കും. നിയന്ത്രണങ്ങളും ഇളവുകളും ഏതൊക്കെ തദ്ദേശ മേഖലകളിലെന്നു ഇന്ന് വൈകിട്ടോടെ ജില്ലാ കളക്ടർ പ്രഖ്യാപിക്കും.