അൺലോക്ക്: സംസ്ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങളോട് കൂടിയ ഇളവുകൾ തുടരും.


തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങളോട് കൂടിയ ഇളവുകൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതൽ തുടരും.

ബുധനാഴ്ച്ച ജില്ലാഭരണകൂടം ടി പി ആർ അവലോകനം ചെയ്യും. ഇതിനു ശേഷം നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തിയിരിക്കുന്ന മേഖലകൾ പുനര്നിര്ണയിക്കും. കെ എസ് ആർ ടി സി ദീർഘദൂര സർവ്വീസ് ഇന്ന് ഉച്ചകഴിഞ്ഞു ആരംഭിച്ചു. സ്വകാര്യ ബസ്സുകൾ ഗതാഗത വകുപ്പിന്റെ ഒറ്റ-ഇരട്ടയക്ക മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും നാളെ മുതൽ സർവ്വീസ് നടത്തുക.

മേഖലകൾ തിരിച്ചു പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കേണ്ടതാണെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെയും ഇൻസിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ പറഞ്ഞു.