അൺലോക്ക്: നിയന്ത്രണങ്ങളും ഇളവുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ച്; മുഖ്യമന്ത്രി.



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപക ലോക്ക് ഡൗൺ ബുധനാഴ്ച്ച രാത്രി അവസാനിക്കും. സംസ്ഥാനത്ത് നിയയന്ത്രണങ്ങളും ഇളവുകളും അനുവദിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചതായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഉന്നതതല യോഗത്തിനും പ്രതിദിന കോവിഡ് അവലോകന യോഗത്തിനും ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുഗതാഗതത്തിനു അനുമതിയുണ്ട്. ബാങ്കുകൾ പതിവ് പോലെ തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറക്കും. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കും. ആപ്പിലൂടെ ടോക്കൺ നല്കിയായിരിക്കും വിൽപ്പന. വിവാ​ഹത്തിനും മരണാനന്തര ചടങ്ങിനും ഇരുപത് പേരെ മാത്രം അനുവദിക്കും. ആൾക്കൂട്ടങ്ങൾക്കും പൊതുപരിപാടികൾക്കും അനുമതിയില്ല.

നിയന്ത്രണങ്ങൾ 4 മേഖലകളായി തിരിച്ച് തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക. എല്ലാ ആഴ്ചകളിലും ടിപിആർ പരിശോധിച്ചു നിയന്ത്രണങ്ങളിൽ വ്യത്യാസം വരുത്തും. ടി പി ആർ 8 ശതമാനത്തിൽ താഴെ, 8 നും 20 ശതമാനത്തിനുമിടയിൽ, 20 നും 30 നുമിടയിൽ, 30 നു മുകളിൽ എന്നിങ്ങനെ 4 മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുക. ടി പി ആർ 30 നു മുകളിലുള്ള മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. ടി പി ആർ 20 ശതമാനത്തിനു മുകളിലുള്ള മേഖലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തും. ഈ മേഖലകളിൽ അവശ്യ സേവനങ്ങൾ മാത്രമാകും ലഭ്യമാകുക. അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ മാത്രമായിരിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം ഏഴ് മുതൽ ഏഴ് വരെ പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം.

ടി പി ആർ 8 മുതൽ 20 ശതമാനം വരെയുള്ള മേഖലകളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയും മറ്റു വ്യാപാര കേന്ദ്രങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അൻപത് ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ടി പി ആർ 8 ശതമാനത്തിൽ താഴെയുള്ള മേഖലകളിൽ നിയന്ത്രണങ്ങളില്ല. എന്നാൽ ഈ മേഖലകളിൽ കരുതലുണ്ടാകണം. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാം. 

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്നും ഇളവുകൾ എല്ലാ മേഖലകൾക്കും ഒരുപോലെയല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതിയില്ല. ടേക്ക് എവേയും ഓൺലൈൻ ഡെലിവറിക്കും അനുമതിയുണ്ട്.