സംസ്ഥാനത്ത് കിടപ്പ് രോഗികൾക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷൻ പുരോഗമിക്കുന്നു.


തിരുവനന്തപുരം: സംസ്ഥാനത്ത് കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വീടുകളിലെത്തിയുള്ള വാക്സിനേഷൻ പുരോഗമിക്കുന്നു. ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും പട്ടിക തയ്യാറാക്കുകയും അവര്‍ വാക്‌സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തുകയും ചെയ്തിട്ടാണ് വാക്സിനേഷൻ ഉറപ്പാക്കുന്നത്.

എഫ്.എച്ച്.സി., പി.എച്ച്.സി. ഉദ്യോഗസ്ഥര്‍ക്ക് സി.എച്ച്.സി., താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വാക്സിനേഷൻ നടത്തുന്നത്.  വാക്‌സിന്‍ നല്‍കിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിച്ച ശേഷമാണ് വാക്‌സിനേഷന്‍ ടീം മടങ്ങുക. വാക്‌സിനേഷന്‍ സമയത്ത് ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപദേശത്തിനായി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. പത്തനംതിട്ട റാന്നി പഞ്ചായത്തിലെ 1,2,13 വാർഡുകളിലെ കിടപ്പ് രോഗികള്‍ക്ക് റാന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ആതിരാ മാധവിന്റെയും ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാറിന്റെയും നേതൃത്വത്തിൽ വാക്സിൻ നൽകി.