കോട്ടയം: കോട്ടയം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് തുടക്കമായി. ആദ്യ ഘട്ടമായി പായിപ്പാട് മേഖലയിലെ തൊഴിലാളികള്‍ക്കാണ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ 150 തൊഴിലാളികള്‍ വാക്‌സിന്‍ സ്വീകരിച്ചു.
പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് പല തൊഴിലാളികളും നേരത്തെ വിമുഖത കാട്ടിയ സാഹചര്യത്തില്‍ തൊഴില്‍ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ നേരിട്ട് ക്യാമ്പുകളിലെത്തി ബോധവത്കരണം നടത്തി. വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അനീഷ് തമ്പാനും ജവഹർ സുരക്ഷ പ്രൊജക്ട് മാനേജർ ബൈജു ജനാർദ്ദനനും വിശദമാക്കി. ഇതേത്തുടര്‍ന്ന് കൂടുതല്‍ തൊഴിലാളികള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
തിരക്ക് ഒഴിവാക്കുന്നതിന് തൊഴിലാളികളെ അന്‍പതു പേര്‍ വീതമുള്ള ബാച്ചുകളായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ച് രജിസ്‌ട്രേഷന്‍ നടത്തി ടോക്കണ്‍ നല്‍കിയാണ് കുത്തിവയ്പ്പ് എടുക്കുന്നത്. എത്തിക്കുന്ന ചുമതല ലേബര്‍ ക്യാമ്പ് ഉടമകള്‍ക്കാണ്. തൊഴില്‍, ആരോഗ്യം, റവന്യൂ, പോലീസ് വകുപ്പുകള്‍ സംയുക്തമായാണ് വാക്‌സിനേഷനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജി.വിനോദ് കുമാര്‍, അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഷാജഹാന്‍, പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സാലി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.