വാക്സിൻ ക്ഷാമം: കോട്ടയം ജില്ലയ്ക്ക് ഈ മാസം 197400 ഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; ജില്ലാ കളക്ടർ.


കോട്ടയം: വാക്സിൻ ക്ഷാമത്തെ തുടർന്ന് കോട്ടയം ജില്ലയിൽ നാളെയും വാക്സിൻ വിതരണം ഉണ്ടായിരിക്കില്ല. വാക്സിൻ പ്രതിസന്ധിയെ തുടർന്ന് ഇന്നും ജില്ലയിൽ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല. ലഭ്യമായ വാക്‌സിന്‍ ബുധനാഴ്ച്ചയോടെ നല്‍കി തീര്‍ന്നതുകൊണ്ടാണ് ഇന്നും നാളെയും കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായത് എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.

വരും ദിവസങ്ങളില്‍ കൂടതലായി വാക്സിന്‍ ലഭിക്കുന്നതോടെ ജില്ലയിൽ കുത്തിവയ്പ്പ് പുനരാരംഭിക്കാനാകും എന്നും ജില്ലാ കളക്ടർ പറഞ്ഞു. ഈ മാസം കോട്ടയം ജില്ലയ്ക്ക് ആകെ 197400 ഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 171110 ഡോസ് കോവിഷീല്‍ഡും 26290 ഡോസ് കോവാക്‌സിനുമാണ് ജില്ലയില്‍ വിവിധ ഘട്ടങ്ങളിലായി എത്തിക്കുക എന്ന് ജില്ലാ കളക്ടർ പറഞ്ഞു.

നാളെ(ജൂണ്‍ 11)5000  ഡോസ് കോവാക്‌സിന്‍ കൊണ്ടുവരും. ഇത് രണ്ടാം ഡോസുകാര്‍ക്കായിരിക്കും നല്‍കുക. ഈമാസം 13ന് 5000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കോട്ടയം ജില്ലയില്‍ എത്തിക്കുന്നുണ്ട് എന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.