കോട്ടയം: കോട്ടയം ജില്ലയിലെ ആകെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ആറ് ലക്ഷം കടന്നു. ഇന്ന് വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 611064 വാക്സിനുകളാണ്. കോവാക്സിൻ, കോവീഷീൽഡ് വാക്സിനുകളിലായി ജില്ലയിൽ ഇതുവരെ 483888 പേർ ഒന്നാം ഡോസ് വാക്സിനും 127176 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
വാക്സിൻ ലഭ്യത കുറവിന്റെ പശ്ചാത്തലത്തിൽ വിതരണത്തിൽ കാലതാമസം നേരിടുന്നെങ്കിലും ജില്ലയുടെ ഭൂരിഭാഗം മേഖലകളെയും ഉൾക്കൊള്ളിച്ച് വാക്സിൻ വിതരണം ചെയ്യാനാണ് ആരോഗ്യ വകുപ്പ് പരിശ്രമിക്കുന്നത്. നിലവിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് ഇതുവരെ വാക്സിൻ ലഭ്യമാക്കിയിരിക്കുന്നത്. കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു 28 ദിവസങ്ങൾക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കണമെന്നും കോവീഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ചു 84 ദിവസങ്ങൾക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ.
മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ടവർക്കും 18-44 പ്രായപരിധിയിലെ അനുബന്ധ രോഗങ്ങളുള്ളവരും ഭിന്നശേഷിക്കാരും വിദേശത്തേക്ക് പോകേണ്ടവർക്കും ജില്ലയിൽ വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്കാണ് നിലവിൽ ജില്ലയിൽ രണ്ടു ഡോസുകളും നല്കുക.