കോട്ടയം: കോട്ടയം ജില്ലയിലെ ആകെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ഏഴു ലക്ഷം കടന്നു. ഇന്ന് വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 707563 വാക്സിനുകളാണ്. കോവാക്സിൻ, കോവീഷീൽഡ് വാക്സിനുകളിലായി ജില്ലയിൽ ഇതുവരെ 565346 പേർ ഒന്നാം ഡോസ് വാക്സിനും 142217 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
വാക്സിൻ ലഭ്യത കുറവിന്റെ പശ്ചാത്തലത്തിൽ വിതരണത്തിൽ കാലതാമസം നേരിടുന്നെങ്കിലും ജില്ലയുടെ ഭൂരിഭാഗം മേഖലകളെയും ഉൾക്കൊള്ളിച്ച് വാക്സിൻ വിതരണം ചെയ്യാനാണ് ആരോഗ്യ വകുപ്പ് പരിശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വാക്സിൻ ക്ഷാമത്തെ തുടർന്ന് വാക്സിൻ വിതരണം നിർത്തി വെച്ചിരുന്നു. നിലവിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് ഇതുവരെ വാക്സിൻ ലഭ്യമാക്കിയിരിക്കുന്നത്. കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു 28 ദിവസങ്ങൾക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കണമെന്നും കോവീഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ചു 84 ദിവസങ്ങൾക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ.
ഈ മാസം കോട്ടയം ജില്ലയ്ക്ക് ആകെ 197400 ഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. 171110 ഡോസ് കോവിഷീല്‍ഡും 26290 ഡോസ് കോവാക്‌സിനുമാണ് ജില്ലയില്‍ വിവിധ ഘട്ടങ്ങളിലായി എത്തിക്കുക എന്ന് ജില്ലാ കളക്ടർ പറഞ്ഞു.