നാടിനായി സ്നേഹപ്പന്തലൊരുക്കി മാടപ്പള്ളിയിലെ സിപിഐഎം പ്രവർത്തകർ.


മാടപ്പള്ളി: കോവിഡ് മഹാമാരിക്കാലത്ത് നാടിനായി സ്നേഹപ്പന്തലൊരുക്കി കരുതലാകുകയാണ് മാടപ്പള്ളിയിലെ സിപിഐഎം പ്രവർത്തകർ. മഹാമാരിയോട് പൊരുതുന്നതില്‍ പുതിയൊരു മാതൃകയാണ് മാടപ്പള്ളിയിലെ സിപി ഐഎം പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്.

സുമനസ്സുകൾക്ക് സ്നേഹപ്പന്തലിലേക്ക് സാധനങ്ങൾ നൽകാനും ആവശ്യക്കാർക്ക് ഇവിടെ നിന്നും എടുക്കാനും സാധിക്കുന്ന വിഭവങ്ങളുടെയും ഒപ്പം കരുതലിന്റെയും ഒരു സ്നേഹപ്പന്തലാണ് തെങ്ങണായിൽ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി സുമനസ്സുകൾ പലചരക്ക്,പച്ചക്കറികൾ,പഴം,മുട്ട തുടങ്ങി അവശ്യ വസ്തുക്കൾ സ്നേഹപ്പന്തലിൽ സംഭാവന നൽകി. സ്‌നേഹപന്തലിന്റെ ഉദ്ഘാടനം ഇന്നലെ നടന്നു.

ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസ്സൽ, പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്‍, ഏരിയാ കമ്മിറ്റി അംഗം പി എ ബിന്‍സണ്‍, ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ നായര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.