കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തയ സംഭവത്തിൽ ദുരൂഹത, ആത്മഹത്യയെന്ന്‌ പോലീസ്.


കോട്ടയം: കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കോട്ടയം മള്ളുശ്ശേരി  കളരിക്കൽ പ്രശാന്ത് രാജ്(36 )ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്നലെ രാവിലെ 10 മണിയോടെ മുടിയൂർക്കര ചാത്തുണ്ണിപ്പറയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കോട്ടയം ചുങ്കം സ്വദേശിയായ യുവാവിനെ കാണാതായിരുന്നു. വെള്ളിയാഴ്ചയാണ് യുവാവിനെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ കോട്ടയം ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപമായാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടത്തിയ സംഭവത്തിൽ ദുരൂഹത തുടരുമ്പോഴും മരണം ആത്മഹത്യയെന്നാണ് പോലീസ് നിഗമനം.

വിവിധയാളുകളിൽ നിന്നായി പണം കടം വാങ്ങിയിരുന്നു. ഏകദേശം 80 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇയാൾക്കുണ്ടായിരുന്നതായാണ് വിവരം. മെയിൽ നഴ്സ് ആയിരുന്ന ഇയാൾ  ഡോക്ടർ എന്ന പേരിൽ പണം കടം വാങ്ങിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം 2000 രുപ വാടകയ്ക്ക് എടുത്ത ഇന്നോവാ കാറിലായിരുന്നു സഞ്ചാരം. കാറിന്റെ ജിപിഎസ് ലൊക്കേഷൻ എടുത്താണ് ഉടമ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും കാർ കണ്ടെത്തിയത്.

പോലീസ് കാറിന്റെ ഉടമയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. കാറിന്റെ വാടകയിനത്തിലും കടം വന്നതിനെ തുടർന്ന് കാർ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് എൺപതിനായിരം രൂപ ഒരുമിച്ചു നൽകിയതായും കാറിന്റെ ഉടമ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌ മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.