കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിലെ പോസ്റ്റ് കോവിഡ് വാര്‍ഡുകള്‍ ഇന്ന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി പോസ്റ്റ് കോവിഡ് വാര്‍ഡുകള്‍ ഉദ്ഘാടനം ചെയ്യും. പുനർജനി പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും 10 കിടക്കകൾ വീതമുള്ള വാര്‍ഡുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
കോവിഡ് മുക്തരായതിനുശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ മൂലം പുനർജനി ഒ.പി യിൽ എത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് കിടത്തി ചികിത്സ ആരംഭിക്കുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ആർ.വി അജിത് പറഞ്ഞു. തളർച്ച, ശരീര വേദന, എല്ലുകൾക്ക് ബലക്കുറവ്, നാഡീ സംബന്ധമായ വിഷയങ്ങൾ എന്നീ രോഗാവസ്ഥയിലുള്ളവരാണ് ഒ.പി യിൽ അധികമെത്തുന്നത്.
ആദ്യ ഘട്ടത്തിൽ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ചികിത്സയും പഞ്ചകർമ്മ ചികിത്സയും ലഭ്യമാക്കും.നിലവിൽ കോവിഡ് വാർ റൂം സേവനവും ഇവിടെ ലഭ്യമാണ്. ചടങ്ങിൽ ഡി.എം.ഒ (ആയുർവേദം) സി. ജയശ്രീ , ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർ.വി. അജിത്, കോവിഡ് 19 നോഡൽ ഓഫീസർ ഡോ. ജ്യൂവൽ ജോസ് തുടങ്ങിയവർ പങ്കെടുക്കും.