കോട്ടയത്തിനു അഭിമാന നിമിഷം! ഡോ. എസ്. ചിത്ര ഐഎഎസ് വാക്സിന്‍ നിര്‍മ്മാണ പ്രോജക്ടിന്‍റെ പ്രോജക്ട് ഡയറക്ടർ.


കോട്ടയം: സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു നൽകി സംസ്ഥാനത്ത് വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനു സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കാനൊരുങ്ങുമ്പോൾ കോട്ടയത്തിനും ഇത് അഭിമാന നിമിഷമായി മാറുകയാണ്.

തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റിൽ വാക്സിന്‍ നിര്‍മ്മാണ പ്രോജക്ടിന്‍റെ പ്രോജക്ട് ഡയറക്ടറായി നിയമിതയാകുന്നത് കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ മറ്റക്കാട് കാഞ്ഞിരക്കാട് ഡോ. അരുണിന്റെ ഭാര്യയായ ഡോ. എസ്. ചിത്ര ഐഎഎസ് ആണ്. ഒരുവര്‍ഷം അസിസ്റ്റന്റ് കളക്ടറായും തുടര്‍ന്ന് രണ്ടുവര്‍ഷം കൊല്ലം സബ്കളക്ടറായും ഐ.റ്റി മിഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട് ഡോ. എസ്. ചിത്ര.

നങ്ങ്യാര്‍കുളങ്ങര സൗപര്‍ണികയില്‍ ശ്യാമപ്രസാദ് ലീന ദമ്പതികളുടെ മകളാണ് ഡോ. എസ്. ചിത്ര. 2012-ല്‍ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ചിത്ര ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്തും പിന്നീട് ഡോക്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷവും പരീക്ഷകൾ എഴുതി. 2014 കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ് ഡോ.ചിത്ര. ,

ഡോ. കെ.പി. സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി. ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്മെന്‍റ്), ഡോ. വിജയകുമാര്‍ (വാക്സിന്‍ വിദഗ്ദ്ധന്‍,  ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.) എന്നിവര്‍ മെമ്പര്‍മാരായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്സിന്‍ ഉല്‍പ്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി.