വെള്ളം ഇരച്ചു കയറിയത് അപ്രതീക്ഷിതമായി, നിരവധി വീടുകളിൽ വെള്ളം കയറി, മീനച്ചിലാറ്റിൽ വെള്ളപ്പൊക്ക ഭീഷണിയില്ല.


ഈരാറ്റുപേട്ട: ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ തലനാട്,തീക്കോയി മേഖലകളിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചു കയറിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. 2 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. കിഴക്കൻ മേഖലകളിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ച വിവരങ്ങളില്ല.

ശക്തമായ മഴയിൽ തീക്കോയി, പൂഞ്ഞാർ ആറുകളിൽ ജലനിരപ്പ് ഉയരുകയായിരുന്നു. എന്നാൽ മീനച്ചിലാറ്റിൽ വെള്ളപ്പൊക്ക ഭീഷണിയില്ല എന്ന് അധികൃതർ പറഞ്ഞു. തലനാട് അടുക്കം, തീക്കോയി കാരികാട് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വെള്ളം കയറിയ ചാമപ്പാറ, മേസ്തിരിപ്പടി മേഖലയിലെ വീടുകളിൽ നിന്നും ഇന്നലെ രാത്രി ആളുകളെ മാറ്റിയിരുന്നു.

നിലവിൽ നാശനഷ്ടങ്ങളും അപകടങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളം കയറിയ മേഖലകൾ ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് സന്ദർശിച്ചു.