എരുമേലി: എരുമേലി-കാഞ്ഞിരപ്പള്ളി സംസ്ഥാന പാതയിൽ കൊരട്ടിക്ക് സമീപമാണ് പടുത വിരിക്കു കീഴിൽ ദുരിതമനുഭവിച്ചു ഒരു കുടുംബം അന്തിയുറങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ നിരവധി തവണ അപേക്ഷകൾ നൽകിയിട്ടും ഇവർക്ക് ഇതുവരെയും ഒരു കിടപ്പാടം ലഭ്യമായിട്ടില്ല.
എരുമേലി കളപ്പുരയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ സലാം–ലൈല ദമ്പതികളാണ് സുരക്ഷിത ഭവനത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത്. മഴക്കാലമെത്തിയതോടെ ഇവർ ഭീതിയിലാണ് ഇവിടെ കഴിയുന്നത്. ഇവർ താമസിക്കുന്നതിന് പിൻഭാഗം എരുമേലി വലിയതോടു ആണ്. മഴ ശക്തമാകുന്നതോടെ വെള്ളപ്പൊക്കമുണ്ടായാൽ ഇവർ താമസിക്കുന്ന സ്ഥലത്തേക്ക് വെള്ളം കയറും. രോഗങ്ങൾ അലട്ടുന്നതിനാൽ ജോലിക്കു പോകാനും കഴിയുന്ന അവസ്ഥയിലല്ല അബ്ദുള്‍ സലാം.
ഇപ്പോൾ ലഭിക്കുന്ന പെൻഷൻ തുക മാത്രമാണ് ഏക ആശ്രയം. റേഷന്‍ കാര്‍ഡ്,ഇലക്ഷന്‍ കാര്‍ഡ്,ആധാര്‍ തുടങ്ങി എല്ലാ രേഖകളും ഇവർക്കുണ്ടായിട്ടുണ്ടും ലൈഫ് പദ്ധതിയിൽ മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയിട്ടും തങ്ങൾക്ക് അവഗണന മാത്രമാണുണ്ടായതെന്നു ഇവർ പറയുന്നു. പുറമ്പോക്ക് ഭൂമിയിൽ സുരക്ഷിതത്വമില്ലാതെയാണ് ഇവർ ജീവിക്കുന്നത്.