ഏറ്റുമാനൂരിൽ റോഡ്‌ മുറിച്ചു കടക്കുന്നതിനിടയിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ റോഡ്‌ മുറിച്ചു കടക്കുന്നതിനിടയിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം ചുമട്താങ്ങിയിൽ ഓട്ടോറിക്ഷ ഡ്രൈവറും പട്ടിത്താനം സ്വദേശിയുവുമായ കൊടികുത്തിയേൽ കെ.ആർ.രാജീവാണ് (ലിജോ - 35) ആണ് മരിച്ചത്.

കഴിഞ്ഞ 17 നാണു രാത്രി 9 മണിയോടെയാണ് ലിജോയെ റോഡ്‌ മുറിച്ചു കടക്കുന്നതിനിടയിൽ ഏറ്റുമാനൂർ വില്ലേജോഫീസിനു സമീപം അജ്ഞാത വാഹനമിടിച്ച് വീഴ്ത്തിയത്. അപകടത്തിൽ ലിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടശേഷം ലിജോയെ ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും വാഹനം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകിട്ടായിരുന്നു മരണം സംഭവിച്ചത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ലിജോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്കാരം നാളെ കാണക്കാരി സെന്റ് ലൂക്ക്സ്   സിഎസ്ഐ പള്ളി സെമിത്തേരിയിൽ. പിതാവ്:ജോർജ്, മാതാവ്:ലിസി, ഭാര്യ: രേഷ്മ, ഏക മകൾ: ലിയാന (മൂന്നു വയസ്).