രണ്ടാം ക്ലാസ്സുകാരൻ കുട്ടപ്പായി ഹിന്ദിയിൽ ബഡാ ഭായി!


മണിമല: നാട്ടിലെ താരമാണ് ഇപ്പോൾ കുട്ടപ്പായി എന്ന ഓമനപ്പേരിൽ വിളിക്കുന്ന ജേക്കബ്ബ് ജെയ്സൺ. രണ്ടാം ക്ലാസുകാരനായ ഈ കൊച്ചു മിടുക്കൻ അനായാസമായി ഹിന്ദി സംസാരിക്കുന്നതു കേട്ടാൽ ആരും ഒന്ന് അത്ഭുതപ്പെടും. മണിമല വള്ളവശ്ശേരിൽ കുരിശുംമൂട്ടിൽ ജെയ്സൺ ജേക്കബ്ബിന്റെയും ഷേർളി ജെയ്‌സന്റെയും ഇളയ മകൻ ജേക്കബ്ബ് ജെയ്സൺ(കുട്ടപ്പായി) ആണ് ഇപ്പോൾ നാട്ടിലെ താരമായി മാറിയിരിക്കുന്നത്.

മണിമല സെന്റ്.സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ ജേക്കബ്ബ് അനായാസമായി മികവുറ്റ സംഭാഷണ രീതിയിലാണ് ഹിന്ദി സംസാരിക്കുന്നത്. മണിമല എന്ന കൊച്ചു ഗ്രാമം വിറ്റു പുറത്തേക്കെങ്ങും പോകാതെ ഇഷ്ട വിനോദമായ കാർട്ടൂണുകളിൽ നിന്നുമാണ് ഹിന്ദി ഭാഷയിൽ ബഡാ ഭായി ആയിരിക്കുന്നത്.

വീട്ടിലും ഇപ്പോൾ ഹിന്ദി മാത്രമാണ് മകൻ സംസാരിക്കുന്നതെന്ന് മാതാപിതാക്കൾ പറയുന്നു. മണിമല പുലിക്കല്ല് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാനാണ് പിതാവ് ജെയ്സൺ. മകനോട് സംസാരിക്കാൻ വേണ്ടി ഇവരും ഇപ്പോൾ കൂടുതൽ ഹിന്ദി പഠിക്കുന്ന തിരക്കിലാണ്. 



കുട്ടപ്പായിയുടെ സഹോദരിമാരായ ജീനയും ജെയ്‌മിയും വീട്ടിലുള്ളപ്പോൾ മൂവരും ഹിന്ദിയിലാണ് സംസാരം. സഹോദരിമാർക്ക് ഹിന്ദി അറിയാമെന്നതിനാൽ മൂവരും ഒത്തുചേർന്നാൽ വീട്ടിൽ ഹിന്ദിപ്പൂരമാണ്.