തിരുവനന്തപുരം: വേണ്ടത്ര തയാറെടുപ്പുകളില്ലാതെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിൽ തുടങ്ങിയ കേന്ദ്ര സർക്കാരിന്‍റെ കോവിഡ് കാലത്തെ പിടിപ്പുകേടുകൾ തുടരുകയാണെന്നു കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. വിഭവവിതരണത്തിലും വാക്സിൻ വിതരണത്തിലുമടക്കം ഇന്നു നിലനിൽക്കുന്ന മുഴുവൻ അവ്യക്തതയും കേന്ദ്രസർക്കാരിന്‍റെ കാര്യക്ഷമതയില്ലായ്മയുടെയും സ്വജനപക്ഷപാതത്തിന്‍റെയും ഫലമായുണ്ടായതാണ്.
കേന്ദ്രസർക്കാരിന്‍റെ കെടുകാര്യസ്ഥതയിൽ വലയുന്ന ജനങ്ങളുടെ ദുരിതാഗ്നിയുടെ ആഴി കൂട്ടുന്നതാണ് അടിക്കടിയുണ്ടാകുന്ന പെട്രോൾ ഡീസൽ വില വർധനയെന്ന് അദ്ദേഹം പറഞ്ഞു. പെട്രോൾ വിലവർധന തെരഞ്ഞെടുപ്പ് പ്രചാരയുദ്ധമാക്കി അധികാരത്തിലെത്തിയ എൻഡിഎ സർക്കാർ അടിക്കടി നികുതി ഉയർത്തുന്ന കാഴ്ചയാണു പിന്നീടു രാജ്യം കണ്ടത്. എന്നാൽ അന്താരാഷ്‌ട്ര വിപണിയിൽ ഉണ്ടായ എണ്ണവിലയിടിവ് മൂലം ഈ നികുതിക്കൊള്ള സാധാരണജങ്ങളിൽ നിന്നു മറച്ചുപിടിക്കാൻ കേന്ദ്ര സർക്കാരിനു സാധിച്ചു.
കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 -ൽ മാത്രം പെട്രോളിന് 13 രൂപയുടെയും ഡീസലിന് 16 രൂപയുടെയും നികുതി വർധന ചുമത്തി. 2014 ൽ ബിജെപി അധികാരത്തിലേറിയ സമയം പെട്രോൾ ലിറ്ററിന് ഒമ്പതു രൂപ 48 പൈസയും ഡീസൽ ലിറ്ററിന് മൂന്നു രൂപ 56 പൈസയുമായിരുന്നു കേന്ദ്ര എക്സൈസ് തീരുവ. ഇന്നത് പെട്രോൾ ലിറ്ററിന് 33 രൂപയും ഡീസലിന് 32 രൂപയുമായി വർധിച്ചു. പെട്രോളിന്‍റെ നികുതിത്തീരുവ വർധന 300 ശതമാനത്തിലധികമാണ്. ചരക്കുനീക്കത്തിന്‍റെ ആണിക്കല്ലായ ഡീസലിന്‍റെ നികുതിയാവട്ടെ വർധിച്ചത് പത്തിരട്ടിയോളമാണ്. 2014- 15 സാമ്പത്തിക വർഷം ഏകദേശം 99,000 കോടി രൂപയായിരുന്നു പെട്രോൾ- ഡീസൽ വില്പനയിൽ നിന്നുള്ള കേന്ദ്രത്തിന്‍റെ നികുതി വരുമാനമെങ്കിൽ, 2016- 17 സാമ്പത്തിക വർഷം അത് 2,42,000 കോടി രൂപയായി ഉയർന്നു.
ക്രൂഡ് ഓയിലിന്‍റെ അന്താരാഷ്‌ട്രവിപണി വില ബാരലിന് ശരാശരി 48 ഡോളറിലേയ്ക്ക് താഴ്ന്ന 2019-20 സാമ്പത്തിക വർഷത്തിലും അമിതമായി നികുതിയുയർത്തി ഏകദേശം 2,39,599 കോടി രൂപയാണ് പിരിച്ചെടുത്തത്. ഈ വർഷത്തെ ജനുവരി വരെയുള്ള കണക്കുകൾ മാത്രം പരിശോധിച്ചാൽ ഇതു മൂന്നു ലക്ഷം കോടിയും പിന്നിടുന്നു. നോട്ടുനിരോധനവും ജി.എസ്.ടി. പരിഷ്കരണവും മൂലം വളർച്ച മുരടിച്ച ഇന്ത്യൻ സാമ്പത്തിക രംഗത്തിന് കോവിഡിനെ കൂടെ താങ്ങാനായില്ല എന്നതാണ് യാഥാർഥ്യം.
ഇങ്ങനെ പിടിപ്പുകേടുകൊണ്ടും വികലമായ സാമ്പത്തിക നയങ്ങൾക്കൊണ്ടും താഴേക്കു വീണ സ്വാഭാവിക നികുതിവരുമാനത്തെ സാധാരണക്കാരന്‍റെ കഴുത്തിൽ കത്തിവച്ച് പുനർജീവിപ്പിക്കാനാണ് കേന്ദ്രനീക്കം. നോട്ടുനിരോധനത്തെ സംഘടിത കൊള്ളയായാണ് കണ്ടതെങ്കിൽ, ഇന്ധനനികുതി വർധന ശാസ്ത്രീയവും സംഘടിതവുമായ കൊള്ളയാണെന്നാണ് മനസിലാക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.