കാഞ്ഞിരപ്പള്ളി: കോവിഡ് രോഗവ്യാപനത്തിന്റെ തിരു ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പരിധിയിൽ പ്രഖ്യാപിച്ച അധിക നിയന്ത്രണങ്ങളിൽ നേരിയ ഇളവ് വരുത്തിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളിൽ പ്രഖ്യാപിച്ച അധിക നിയന്ത്രണങ്ങൾ ഗുണം ചെയ്തതായും രോഗബാധിതരുടെ എണ്ണവും മരണ നിരക്കും കുറയ്ക്കാൻ സാധിച്ചതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾ ഇനി മുതൽ ആഴ്ചയിൽ മൂന്നു ദിവസം തുറന്നു പ്രവചിക്കാൻ അനുമതി നൽകി. വ്യാപാരികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് പഞ്ചായത്ത് കോർക്കമ്മറ്റി ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്. കാഞ്ഞിരപ്പള്ളിയിൽ വ്യാപാര സ്ഥാപനങ്ങൾ തിങ്കൾ,ബുധൻ,ശനി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ തുറന്നു പ്രവർത്തിക്കാം.
പച്ചക്കറി ഹോൾസെയിൽ വ്യാപാരികൾക്ക് ഈ ദിവസങ്ങളിൽ രാവിലെ 4 മണി മുതൽ 9 മണി വരെ വ്യാപാരം നടത്താം. ഹോട്ടലുകളിൽ പാർസൽ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പൊതുജനങ്ങൾ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.