വീട്ടുകാർക്ക് കോവിഡ്; 17 പശുക്കൾക്ക് സംരക്ഷണമേകി ക്ഷീര സംഘം,ഇതുവരെ സംരക്ഷിച്ചത് 65 പശുക്കളെ.


കോട്ടയം: കോവിഡ് ബാധിച്ച കുടുംബത്തിന്റെ ഏക വരുമാനമാർഗമായ കന്നുകാലികളുടെ സംരക്ഷണം ക്ഷീരോദ്പാദക സഹകരണ സംഘം ഏറ്റെടുത്തു. കറുകച്ചാൽ പഞ്ചായത്തിലെ ശാന്തിപുരം ക്ഷീരോദ്പാദക സംഘം മുൻ പ്രസിഡൻ്റ് ബിജുവിൻ്റെ 17 പശുക്കളെയാണ് കൊടുങ്ങൂർ ക്ഷീര സംഘം ഏറ്റെടുത്തത്.

എട്ടു കറവ പശുക്കളും ഒന്‍പതു കിടാവുകളുമാണ് ഫാമില്‍ ഉണ്ടായിരുന്നത്. ദിവസവും  50 ലിറ്ററോളം പാൽ ലഭിച്ചിരുന്ന ഫാമിന്‍റെ നടത്തിപ്പ് വീട്ടുകാര്‍ക്ക് കോവിഡ് ബാധിച്ചതോടെ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് ക്ഷീര വികസന വകുപ്പിൻ്റെ സഹായമെത്തിയത്. സഹകരണ സംഘം സെക്രട്ടറി വി.എൻ മനോജിൻ്റെയും വാഴൂർ ക്ഷീരവികസന ഓഫീസർ ടി.എസ് ഷിഹാബുദ്ദീൻ്റെയും നേതൃത്വത്തിൽ പശുക്കളെ ഏറ്റെടുത്ത് കൊടുങ്ങൂർ സംഘത്തിനു കീഴിലെ വിവിധ ക്ഷീര കർഷകരുടെ വീടുകളിൽ എത്തിച്ച് സംരക്ഷണം നൽകുകയാണിപ്പോൾ.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 65 പശുക്കളെയാണ് ഇവിടെ ഇതുവരെ സംരക്ഷിച്ചത്. ക്ഷീരകർഷകരായ മനോജ് വാഴേപ്പറമ്പിൽ, സാബു കോലാമാക്കൽ, കൊച്ചുമോൻ കോയിക്കൽ, ജുബിൻ മാത്യു കണയങ്കൽ, രജിത് കുറുങ്കുടിയിൽ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം. ഇവർ ദിവസവും സൊസൈറ്റിയിൽ പാൽ എത്തിക്കും. ജുബിൻ മാത്യുവിൻ്റെ അഞ്ചേക്കര്‍ സ്ഥലത്തെ തീറ്റപ്പുല്ല് സൗജന്യമായി ഈ പശുക്കൾക്ക് എത്തിച്ചു നൽകുന്നു. ഉടമസ്ഥർ കോവിഡ് മുക്തരായ ശേഷം പശുക്കളെ തിരികെ എത്തിക്കും. ജില്ലയിൽ നിലവിൽ ഇത്തരത്തിൽ വിവിധ ക്ഷീരസംഘങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന നൂറോളം പശുക്കളുണ്ടെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു പറഞ്ഞു.