ചങ്ങനാശ്ശേരി: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റിൽ ചങ്ങനാശ്ശേരിക്ക് കാര്യമായ പരിഗണന ലഭിച്ചതായി എംഎൽഎ ജോബ് മൈക്കിൾ. ചങ്ങനാശ്ശേരി മണ്ഡലത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കെല്ലാം തന്നെ ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാൻഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തി. ബസ്സ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം ഡിപ്പോയിലെ പഴയ കെട്ടിടവും പൊളിച്ചു നീക്കും. പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടമായി 2.15 കോടി രൂപ അനുവദിച്ചു. ആനന്ദാശ്രമം മോര്‍ക്കുളങ്ങരയില്‍ ജല വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് ചങ്ങനാശ്ശേരിയുടെ തനതു കുടിവെള്ള പദ്ധതിക്കായി 10 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്.
പൂവം പെരുമ്പുഴക്കടവ് പാലത്തിന്റെ തകര്‍ന്ന അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനായി നാല് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യത്തോടു കൂടി 10 കിടക്കകള്‍ക്കായി മൂന്നു കോടി രൂപ അനുവദിച്ചു. കുറിച്ചി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 1.10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖലയിലെ തോടുകളുടെയും പാലങ്ങളുടെയും നവീകരണത്തിന് ആവശ്യമായ തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അനുവദിച്ച പദ്ധതികളെല്ലാം ത്വരിത ഗതിയിൽ മുൻപോട്ടു കൊണ്ടുപോകാൻ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്നും എംഎൽഎ ജോബ് മൈക്കിൾ പറഞ്ഞു.