സംസ്ഥാന ബജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചു;സെബാസ്റ്റ്യൻ കുളത്തുങ്കൽ.


കൂവപ്പള്ളി: സംസ്ഥാന ബജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചതായി എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും മിനി സിവിൽ സ്റ്റേഷനുകൾ, ഈരാറ്റുപേട്ട എഫ് എച്ച് സി താലൂക്ക് ആശുപത്രിയായി ഉയർത്തൽ, കൂട്ടിക്കൽ സി എച്ച് സി,  തിടനാട് പി എച്ച് സി എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം,

എരുമേലി സി എച്ച് സി യിൽ കോവിഡ് ചികിത്സയ്ക്കായി ഐസിയു സംവിധാനം എന്നിവ ആരോഗ്യരംഗത്തും റോഡ് വിഭാഗത്തിൽ  ചെമ്മലമറ്റം-വാരിയാനിക്കാട്-പിണ്ണാക്കനാട്, പൂഞ്ഞാർ- കൈപ്പള്ളി, മുണ്ടക്കയം - കൂട്ടിക്കൽ- ഏന്തയാർ, പൂഞ്ഞാർ - ചോറ്റി, താളുങ്കൽ - ചാത്തൻ പ്ളാപ്പള്ളി, ആനക്കല്ല്- പൊടിമറ്റം, മാവടി - മലമേൽ-വഴിക്കടവ്, ഭരണങ്ങാനം-തിടനാട്- പാറത്തോട്, അടിവാരം - മണ്ണുങ്കൽ -കൈപ്പള്ളി, തീക്കോയി-തലനാട്, കൂട്ടിക്കൽ - കൊക്കയാർ, ചേനപ്പാടി - മുക്കട എന്നീ റോഡുകൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

കൂടാതെ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട്  പഞ്ചായത്തുകൾ ഉൾക്കൊള്ളിച്ച് സമഗ്ര ശുദ്ധജല വിതരണ പദ്ധതി , കോരുത്തോട് , മുണ്ടക്കയം പഞ്ചായത്തുകൾക്കായി പുതിയ ശുദ്ധജല വിതരണ പദ്ധതി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം മേഖലയിൽ 24 ടൂറിസം കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് പൂഞ്ഞാർ ടൂറിസം സർക്യൂട്ട്, മുതു കോര മല ടൂറിസം സെൻറർ ഡെവലപ്മെൻറ് , ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കംഫർട്ട് സ്റ്റേഷനുകളുടെ നിർമ്മാണം എന്നീ ടൂറിസം വികസന പദ്ധതികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിലേക്ക് വിവിധ റോഡുകളും, ബൈ പാസുകളും, ഫ്ലൈ ഓവറുകളും നിർമ്മിക്കുന്നതിനുള്ള നിർദ്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.