കോവിഡ് രോഗവ്യാപനം: ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണം;മുഖ്യമന്ത്രി.


തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളെ ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 80 ഇടത്താണ് ടിപിആർ 18 ശതമാനത്തിന് മുകളിലുള്ളത്. ടിപിആർ 6 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും ആറിനും പന്ത്രണ്ടിനുമിടയിലുള്ള പ്രദേശങ്ങളെ ബി വിഭാഗത്തിലും പന്ത്രണ്ടിനും പതിനെട്ടിനുമിടയിലുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും ഉൾപ്പെടുത്തും.

നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവു വരുത്തേണ്ട സാഹചര്യം ഇല്ല. ഈ മഹാമാരിയിൽ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ഉറ്റവർ മരണമടയുമ്പോൾ മൃതശരീരം അടുത്ത് കാണാൻ പോലും പലപ്പോഴും കഴിയുന്നില്ല എന്നതാണ്. മൃതശരീരം നിശ്ചിത സമയം വിട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണം എന്നാണ് സർക്കാർ കരുതുന്നത്. ഒരുമണിക്കൂറിൽ താഴെ ഇതിനായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിന് ബസ്സുകൾ ഓടിക്കാൻ കലക്ടർമാർ നടപടിയെടുക്കും.

അന്തർസംസ്ഥാന യാത്രികർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവിൽ എയർപോർട്ടുകളിൽ ഫലപ്രദമായ പരിശോധനാ സംവിധാനമുണ്ട്. മൂന്നാംവ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധനാ സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ടിപിആർ 12 വരെയുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കും. പുറത്തിറങ്ങുന്നവർ എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ഉപയോഗിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്‌ക് നിർബന്ധമാണ്.

ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനിൽക്കുന്നതിനാൽ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാൻ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. സ്ഥാപനങ്ങളിൽ തിരക്ക് അനുവദിക്കരുത്. പൊതുസ്ഥലത്ത് പുലർത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.