കോട്ടയത്ത് നഗരമധ്യത്തിലെ വീട്ടിൽ രാത്രി അതിക്രമിച്ചുകയറിയ ഗുണ്ടാസംഘം 2 പേരെ വെട്ടിപ്പരുക്കേൽപ്പിച്ചു.


കോട്ടയം: കോട്ടയത്ത് നഗരമധ്യത്തിലെ വീട്ടിൽ രാത്രി അതിക്രമിച്ചുകയറിയ ഗുണ്ടാസംഘം 2 പേരെ വെട്ടിപ്പരുക്കേൽപ്പിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. കോട്ടയം ചന്തക്കടവിൽ വടശേരിൽ ലോഡ്ജിനു സമീപത്തെ വാടകവീട്ടിലാണ് ആക്രമണം ഉണ്ടായത്.

ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണു ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഷിനുവും പൊൻകുന്നം സ്വദേശിനിയായ യുവതിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലംബിങ് ജോലികൾ ചെയ്യുന്നതിനായി എത്തിയ ആളുകളാണ് ഇവിടെ താമസ്സിച്ചിരുന്നത് എന്ന് ഇവർ പോലീസിനോട് പറഞ്ഞു.

വീട്ടിൽ താമസിച്ചിരുന്നവർക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായാണ് യുവതി ഇവിടെ താമസിക്കുന്നത് എന്നുമാണ് ഇവർ നൽകിയിരിക്കുന്ന വിവരം എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കാറിലും ബൈക്കിലുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സ്ഥലത്തെത്തിയ പോലീസ് സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തി. സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു.