കോട്ടയം: കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ പുതിയ ഓഫീസ് സമുച്ചയവും ബസ് സ്റ്റേഷനും നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. കെഎസ്ആർടിസി ഡിപ്പോയുടെ നവീകരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള മണ്ണ് പരിശോധന ഇന്ന് ആരംഭിച്ചു. പാലാ,കോട്ടയം ഡി ഇ മാരുടെ ചുമതയിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
രണ്ടു പതിറ്റാണ്ടിലധികമായി യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് തന്നെ ഭീഷണിയായി അപകടാവസ്ഥയിൽ നിലനിന്നിരുന്ന കെഎസ്ആർടിസി ഡിപ്പോയിൽ പുതിയ ഓഫീസ് സമുച്ചയവും ബസ് സ്റ്റേഷനും നിർമിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ബസ്സ് സ്റ്റാൻഡ് നവീകരണത്തിനായി 2 കോടി രൂപ അനുവദിക്കുകയും ചെയ്തെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഗതാഗത മന്ത്രിയായിരിക്കെ ബസ്സ് സ്റ്റാൻഡിന്റെ വികസന പ്രവർത്തനങ്ങൾക്കായി തുക അനുവദിച്ചെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല.
ഏതു നിമിഷവും അടർന്നു വീഴാവുന്ന കോൺക്രീറ്റ് പാളികൾക്ക് കീഴിലാണ് യാത്രക്കാർ ബസ്സ് കാത്തു നിൽക്കുന്നത്. സ്റ്റാൻഡിലേക്ക് ബസ്സ് കയറുന്നിടത്തും ബസ്സ് ഇറങ്ങുന്നിടത്തും വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ശുചിമുറി സൗകര്യങ്ങളും താറുമാറായിക്കിടക്കുകയും മഴ പെയ്തു വെള്ളം ഒഴുകിത്തുടങ്ങിയാൽ മഴ വെള്ളത്തിനൊപ്പം മലിന ജലവും സ്റ്റാൻഡിൽ ഒഴുകിപ്പരക്കുകയായിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 91 ലക്ഷം രൂപ ചെലവഴിച്ചു ബസ്സ് ടെർമിനലും യാർഡും നവീകരിക്കുമെന്നു പ്രഖ്യാപിച്ചു നിർമ്മാണ ഉത്‌ഘാടനം 2020 നവംബർ 6 നു നിർവ്വഹിക്കുകയും ചെയ്തിരുന്നു. യാർഡ് നിർമ്മാണത്തിനും പുതിയ ഓഫീസ് സമുച്ചയവും ബസ് സ്റ്റേഷനും ശുചിമുറി നിർമ്മിക്കുന്നതിനും ടെണ്ടർ വിളിച്ചിട്ടുണ്ട്.