കോട്ടയം: മണിമലയിൽ വധശ്രമക്കേസിലെ പ്രതിയുടെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മണിമല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിദ്യാധരനെ മന്ത്രി വി എൻ വാസവൻ സന്ദര്‍ശിച്ചു. മെഡിക്കൽ കോളേജിലെത്തിയ മന്ത്രി ഡോക്ടര്‍മാരുമായി അദ്ദേഹത്തിൻറെ ആരോഗ്യ നിലയും പരിക്കുകളും സംബന്ധിച്ച് ചര്‍ച്ചചെയ്തു.
അടിയന്തിരമായി വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും വി എൻ വാസവൻ പറഞ്ഞു. ചികിത്സയിൽ കഴിയുന്ന എസ് ഐ യുടെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. വധശ്രമക്കേസിലെ പ്രതിയായ അജിത്തിനെ അറസ്റ്റു ചെയ്യുന്നതിനായി രാവിലെ 7 മണിയോടെ എസ്‌ഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിമല വെള്ളാവൂർ ചുവട്ടടിപ്പാറയിലുള്ള പ്രതിയുടെ വീട്ടിൽ എത്തുകയായിരുന്നു.
മാസങ്ങൾക്ക് മുൻപുണ്ടായ കേസിലെ പ്രതിയായ അജിത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ വീട്ടിലെത്തിയതറിഞ്ഞു പിടികൂടാനെത്തിയതായിരുന്നു പോലീസ്. പ്രതിയെ അറസ്റ്റു ചെയ്തു പുറത്തേക്കിറങ്ങുമ്പോഴാണ് പിതാവ് പ്രസാദ് എസ് ഐ യെ വെട്ടിപ്പരിക്കേൽപ്പിച്ചത്. അജിത്തിനെയും പിതാവ് പ്രസാദിനെയും പോലീസ് കീഴടക്കി.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.