കോട്ടയം: കോവിഡ് സാഹചര്യത്തില്‍ തീവ്ര മാനസിക സമ്മര്‍ദ്ദം നേരിടുന്ന 332 പേര്‍ക്ക് കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന ഒറ്റയ്ക്കല്ല കൂടെയുണ്ട് കോട്ടയം പദ്ധതിയുടെ ഭാഗമായി കൗണ്‍സലിംഗ് ആരംഭിച്ചു. ഈ മാസം 19ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ ഇതുവരെ വിവിധ തലങ്ങളില്‍ മാനസിക പിന്തുണ ആവശ്യമുള്ള അയ്യായിരത്തോളം പേരുടെ വിവരങ്ങള്‍ പ്രാദേശിക സമിതികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്.
ഇതില്‍ ലഘുവായ മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്ന 3468 പേര്‍ക്ക് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരും സോഷ്യല്‍ വര്‍ക്ക് ബിരുദാന്തര ബിരുദ വിദ്യാര്‍ഥികളും ആവശ്യമായ പിന്തുണ ലഭ്യമാക്കി. ശേഷിക്കുന്നവരുടെ സ്ഥിതി വിലയിരുത്തുന്നതിനും കൂടുതല്‍ പേരുടെ വിവരം ശേഖരിക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. പദ്ധതിയുടെ പരിശീലന പരിപാടിയില്‍ കഴിഞ്ഞ ദിവസം കളക്ടര്‍ ആയിരം ആശാ പ്രവര്‍ത്തകരുമായി സംവദിച്ചു. കോവിഡ് മരണങ്ങള്‍, രോഗബാധ, ആശുപത്രിവാസം, സമ്പര്‍ക്ക വിലക്ക്, രോഗപ്രതിരോധ നിയന്ത്രണങ്ങള്‍ എന്നിവ പലര്‍ക്കും മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകാന്‍ ഇടയുണ്ടെന്നും ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് ആശാ പ്രവര്‍ത്തകർ അങ്കണവാടി പ്രവർത്തകർ എന്നിവരുടെ സജീവ പങ്കാളിത്തം വേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ആരോഗ്യ കേരളം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ ക്ലാസെടുത്തു. കില ജില്ലാ കോ -ഓർഡിനേറ്റർ ഡോ എസ് വി ആന്‍റോ, ജില്ലാ ആശാ കോ- ഓർഡിനേറ്റർ ജെസി അനൂപ്, ആരോഗ്യ കേരളം ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി മാനസിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് സേവനം ലഭ്യമാക്കുന്നതിന് സോഷ്യല്‍ വര്‍ക്ക് അധ്യാപകരും സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ അന്‍പതു പേരെ നേരത്തെ നിയോഗിച്ചിരുന്നു. മഹാത്മഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സന്‍സിലെ മനഃശാസ്ത്ര ഗവേഷണ വിദ്യാര്‍ഥികളും എം.ഫില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ അന്‍പതുപേരും ഉടന്‍ കൗണ്‍സിലിംഗ് സേവനത്തില്‍ പങ്കുചേരും.
ഇതോടെ പദ്ധതിയുടെ കൗണ്‍സിലിംഗ് വിഭാഗത്തില്‍ മാത്രം നൂറു പേരുടെ സേവനം ലഭ്യമാകും. കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾ, ചികിത്സയ്ക്ക് വിധേയരായവര്‍, സമൂഹികവും മാനസികവുമായ ഒറ്റപ്പെടല്‍ നേരിടുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, സമയം ഫലപ്രദമായി ചിലവഴിക്കാന്‍ കഴിയാത്ത കുട്ടികള്‍, കുടുംബ പ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് സേവനം ലഭിക്കും. ലഘുവായ മാനസിക പ്രശ്‌നങ്ങളുള്ളവര്‍ക്ക് പരിശീലനം നേടിയ പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരും സോഷ്യല്‍ വര്‍ക്ക് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും ആവശ്യമായ പിന്തുണ ഉറപ്പാക്കും. തീവ്ര വൈകാരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കാണ് വിദഗ്ധര്‍ കൗണ്‍സലിംഗ് നല്‍കുക. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ആവശ്യമെന്നു കണ്ടെത്തുന്നവരെ ജനറല്‍, താലൂക്ക് ആശുപത്രികളിലെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ക്ക് റഫര്‍ ചെയ്യും.