കോട്ടയം: കോവിഡ് പ്രതിരോധത്തിനായി പാലിക്കേണ്ട പ്രോട്ടോക്കോളിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പരമാവധി പേരിലേക്ക് എത്തിക്കുന്നതിനായി കുടുംബശ്രീ നിരവധി വഴികളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും ബോധവത്ക്കരണ പാഠങ്ങള്‍ എത്തിക്കാനായി "ഒരു കുഞ്ഞുപരീക്ഷ"യെന്ന ആശയം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണ് കുടുംബശ്രീ.
കുട്ടികളുടെ അയല്‍ക്കൂട്ടങ്ങളായ 32,267 ബാലസഭകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. ഈ ബാലസഭയിലെ അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ഈ പരീക്ഷകളുടെ ഭാഗമാകാനാകും. നാല് പരീക്ഷകള്‍ നടത്താനാണ് കുടുംബശ്രീ ഉദ്ദേശിക്കുന്നത്. മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ല പരീക്ഷ എന്നിങ്ങനെ ഈ നാല് പരീക്ഷകളും ഓണ്‍ലൈനായി നടത്താനും പരീക്ഷയുടെ ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
വീടുകളിലിരിക്കുമ്പോഴും വീടിന് പുറത്തു പോകുമ്പോഴും കോവിഡുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകളും, കോവിഡിനെക്കുറിച്ച് അറിയേണ്ട മറ്റുകാര്യങ്ങളുമാകും ചോദ്യ രൂപത്തിൽ പരീക്ഷകളുടെ ഭാഗമായി ഉണ്ടാകുക. നാല് പരീക്ഷകളിൽ പങ്കെടുക്കുമ്പോഴേക്കും കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്ന് കൊടുക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബശ്രീ മിഷൻ. ഇന്നാണ് ആദ്യ പരീക്ഷ ഓണ്‍ലൈനായി നടത്തിയത്. രാവിലെ പത്തിന് സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം 10.30 മുതല്‍ ആരംഭിച്ച പരീക്ഷ രാത്രി 10.30 വരെയുള്ള സമയത്ത് എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈന്‍ ലിങ്കില്‍ കയറി എഴുതാനാകും.
തുടര്‍ന്നുള്ള പരീക്ഷകളുടെ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. ഏറ്റവും മികച്ച പങ്കാളിത്തം ഉറപ്പിക്കുന്ന സി.ഡി.എസിനും ജില്ലകള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കിക്കൊണ്ട് കൂടുതല്‍ കുട്ടികളെ പരീക്ഷയിലൂടെ ബോധവത്ക്കരിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. പുറത്തു പോയി വരുന്നവര്‍ സ്വയം ശുചിയായിട്ടാണോ വീട്ടില്‍ പ്രവേശിക്കുന്നത്? വീടിനുള്ളില്‍ ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരം സുഗമമാക്കാറുണ്ടോ? വീടിന്റെ പരിസരത്ത് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന രീതിയില്‍ പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍ മറ്റ് ഉപയോഗശൂന്യമായ വസ്തുക്കള്‍ തുടങ്ങിയവ തുറന്ന് കിടക്കുന്നുണ്ടോ? അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ നിങ്ങളോ കുടുംബത്തിലെ മറ്റ് അംഗങ്ങളോ പുറത്തിറങ്ങാറുണ്ടോ?
കൊറോണ സംബന്ധിച്ചുള്ള സംശയ നിവാരണത്തിനുള്ള ഫോണ്‍ നമ്പറുകള്‍ എല്ലാവര്‍ക്കും അറിയാമോ? എമര്‍ജന്‍സി നമ്പറുകള്‍ വീട്ടില്‍ എവിടെയെങ്കിലും എഴുതി സൂക്ഷിച്ചിട്ടുണ്ടോ? തുടങ്ങീ ലളിതമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പരീക്ഷ ഏറെ വിജ്ഞാനപ്രദമാകുമെന്ന് ഉറപ്പാണ്. കൂടാതെ പരീക്ഷ എഴുത്തു രീതി ഏറെ ആസ്വാദ്യകരമാക്കി മാറ്റുന്നതിനുതകുന്ന ചോദ്യങ്ങളാണ് കുടുംബശ്രീ മിഷൻ ടീം തയാറാക്കിയിരിക്കുന്നത്. ഒരു കുഞ്ഞു പരീക്ഷ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റർ നിർവ്വഹിച്ചു. പരീക്ഷയെഴുതാനുള്ള ലിങ്ക്: www.balasabha.in