സമ്പൂർണ്ണ ലോക്ക് ഡൗൺ: ശനി,ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ:


കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടുകയും ജൂൺ 12, 13 തിയതികളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക് ഡൗൺ ആയിരിക്കും സംസ്ഥാനത്ത് ഈ രണ്ടു ദിവസങ്ങളിൽ നടപ്പാക്കുക.

അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ രണ്ടു ദിവസം പ്രവർത്തനാനുമതിയുള്ളത്. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാവുന്നതാണ്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ,ബേക്കറികൾ എന്നിവിടങ്ങളിൽ പാഴ്സലും ഹോം ഡെലിവറിയും മാത്രമാണ് അനുമതിയുള്ളത്. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തനാനുമതിയുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, അടിയന്തര സേവന വിഭാഗത്തിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

ജീവനക്കാർ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. ടെലികോം ഇന്റർനെറ്റ് മേഖലയിലെ ജീവനക്കാർക്ക് അനുമതി നൽകിയിട്ടുണ്ട്. ആശുപത്രിയിലേക്ക് പോകുന്നവർക്കും വാക്സിൻ സ്വീകരിക്കാൻ പോകുന്നവർക്കും രോഗബാധിതർക്ക് കൂട്ടിരിക്കുന്നവർക്കും വിലക്കില്ല. വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് ജാഗ്രതാ പോർട്ടലിൽ ‍റജിസ്റ്റർ ചെയ്യണം. ദീർഘദൂര ബസ് സർവീസുകളും ട്രെയിൻ–വിമാന സർവീസുകളും അനുവദിക്കും.