തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന സംസ്ഥാന വ്യാപക ലോക്ക് ഡൗൺ നാളെ അവസാനിക്കും. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടില്ല. പകരം മേഖലകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് 4 മേഖലകളായി തിരിച്ചു നിയന്ത്രണങ്ങളും ഇളവുകളും നടപ്പിലാക്കുക. ടിപിആർ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപന മേഖലകളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും തുടരുക. ടിപിആർ 20 നും 30 നും ഇടയിലാണെങ്കിൽ ഈ മേഖലകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കും. ടിപിആർ 8 നും 20 നും ഇടയിലുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ ഉണ്ടാകും. ടിപിആർ 8 നു താഴെ നിൽക്കുന്ന തദ്ദേശ സ്ഥാപന മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും. ഈ മേഖലകളിൽ നിയന്ത്രണങ്ങളുണ്ടാകില്ല.
ബാറുകൾ തുറന്നു പ്രവർത്തിക്കില്ല. ടിപിആർ 20 ശതമാനത്തിൽ താഴെയുള്ള മേഖലകളിൽ ബെവ്കോ പ്രവർത്തിക്കും. ആപ്പുപയോഗിച്ച് ടോക്കൺ നൽകിയാകും വിതരണം. കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ. കോട്ടയം ജില്ലയില്‍ 36 തദ്ദേശ സ്ഥാപന മേഖലകളില്‍ ഒരാഴ്ച്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി പത്തു ശതമാനത്തില്‍ താഴെയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പ്രകാരം തിരുവാര്‍പ്പ്, മുളക്കുളം, കോട്ടയം, പൂഞ്ഞാര്‍ തെക്കേക്കര,ആര്‍പ്പൂക്കര, നീണ്ടൂര്‍,കല്ലറ,മൂന്നിലവ്,ചെമ്പ്, മറവന്തുരുത്ത്,തലനാട്, ഞീഴൂര്‍, വെളിയന്നൂര്‍, വൈക്കം, വെള്ളാവൂര്‍,മീനച്ചില്‍, മരങ്ങാട്ടുപിള്ളി, തലയോലപ്പറമ്പ്,കുറവിലങ്ങാട്, ഭരണങ്ങാനം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾ ടിപിആർ 8 ശതമാനത്തിൽ അതാഴെ എത്തിയിരുന്നു. മറ്റു തദ്ദേശ മേഖലകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, നിയന്ത്രിത മേഖലകൾ എന്നിങ്ങനെയായിരിക്കും തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
നിലവിലെ കണക്കുകൾ അനുസരിച്ച് ടിപിആർ 30 നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിലില്ല. ഇക്കാരണത്താൽ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന മേഖലകൾ ഉണ്ടായേക്കില്ല. നിലവിലെ ടിപിആർ നിരക്കനുസരിച്ചായിരിക്കും ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കുക.